ന്യുഡല്‍ഹി: നിലവിലെ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ നിയമങ്ങള്‍ പരിഷ്‌കരിച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളും ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഗസറ്റ് വിജ്ഞാപനമിറക്കി.
ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങളാണ് ജൂലായ് മുതല്‍ പ്രാബല്യത്തിലാവുന്നത്.
കൊളോണിയല്‍ ഭരണകാലത്ത് കൊണ്ടുവന്ന ശിക്ഷാനിയമങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം (ഐ.പി.സി.), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയ്ക്കു പകരമാണ് ഇവ നിലവില്‍ വരുന്നത്.
ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ച പുതിയ ബില്ലുകൾ സഭകള്‍ പാസാക്കുകയായിരുന്നു. പിന്നീട് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയതോടെ ബില്ലുകള്‍ നിയമങ്ങളായി മാറി.
Discussion about this post