ന്യൂഡൽഹി: 2.17 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കാൻ ഒരുങ്ങി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം. വ്യാജരേഖകളുണ്ടാക്കുകയോ സൈബർ കുറ്റകൃത്യങ്ങളിൽ ദുരുപയോഗം ചെയ്യുകയോ ചെയ്ത കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. 2.26 ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യുമെന്നും മന്ത്രാലയം ഉന്നതതല ഇന്റർ മിനിസ്റ്റീരിയൽ പാനലിനെ അറിയിച്ചു.
സിം കാർഡുകൾ വാങ്ങുന്നതിനായി ചെല്ലുമ്പോൾ ഉപഭോക്താവിനെ അറിയുക (കെ.വൈ.സി) രേഖകൾ കൂടുതൽ ശക്തമായി നടപ്പാക്കാൻ ഒരുങ്ങുകയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡി.ഒ.ടി).
മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കുന്ന എല്ലാ ഇൻകമിംഗ് അന്തർദേശീയ സ്പൂഫ് കോളുകളും തടയാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മെയ് മാസത്തിൽ ടെലികോം ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇപ്പോൾ 35 ശതമാനം ഇന്റർനാഷണൽ സ്പൂഫ് കോളുകൾ തടയാൻ സാധിച്ചിട്ടുണ്ട്. ഈ വർഷം ഡിസംബർ 31 നകം ഇത് പൂർണ്ണമായും നടപ്പിലാക്കാനാണ് ടെലികോം മന്ത്രാലയം ലക്ഷ്യമിടുന്നത്.
തട്ടിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്ന്
5,000 ത്തിലധികം ഇന്ത്യക്കാർ കംബോഡിയയിൽ തടവിലാക്കപ്പെട്ട് സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാകുന്ന സാഹചര്യവും ഉണ്ട്. കുറഞ്ഞത് 500 കോടി രൂപയെങ്കിലും ഇത്തരത്തിൽ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുത്തതായും കണക്കാക്കുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്നാണ് ഇപ്പോൾ പ്രധാനമായും അന്താരാഷ്ട്ര സൈബർ തട്ടിപ്പുകൾ നടക്കുന്നത്. കംബോഡിയ, ലാവോസ്, ഫിലിപ്പീൻസ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹോങ്കോങ്ങിൽ റോമിംഗ് സൗകര്യമുള്ള ഇന്ത്യൻ മൊബൈൽ നമ്പറുകൾ സംബന്ധിച്ച് ഓരോ ആഴ്ചയും ഡാറ്റ നൽകാൻ എല്ലാ ടെലികോം സേവന ദാതാക്കളോടും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഏകദേശം 45 ശതമാനം സൈബർ തട്ടിപ്പുകളും വരുന്നത് തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ നിന്നാണ്.
തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ റോമിംഗ് ചെയ്യുന്ന ഇന്ത്യൻ സിം കാർഡുകൾ 6 ലക്ഷത്തിലേറെയാണ്. ഇന്ത്യയിലുടനീളം ഈ സിം കാർഡുകൾ വിൽക്കുന്നതിൽ 1.4 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയിൽ (PoS) ഏജന്റുമാർ ഉൾപ്പെട്ടിട്ടുളളതായാണ് കണക്കാക്കുന്നത്.
ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ ഒരു ലക്ഷത്തോളം സൈബർ പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലാഭകരമായ ഡാറ്റാ എൻട്രി ജോലികൾ ലഭിക്കുമെന്ന് ഇന്ത്യയിലെ യുവാക്കളെ പ്രലോഭിപ്പിച്ച ശേഷം തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇവരെ എത്തിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് യുവാക്കളെ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാക്കുന്നതാണ് ഇവരുടെ രീതി.
ക്രിപ്‌റ്റോകറൻസി ആപ്പിൽ നിക്ഷേപിക്കുന്നതിനും വ്യത്യസ്ത രീതിയിലുളള വ്യാജ നിക്ഷേപ ഫണ്ടുകളിൽ ചേരുന്നതിനും ഇന്ത്യയിലെ ആളുകളെ പ്രലോഭിപ്പിക്കാൻ ഈ സ്‌കാമിംഗ് കമ്പനികൾ യുവാക്കളെ ഉപയോഗിക്കുന്നു. ആളുകൾ നിക്ഷേപം നടത്തിയാൽ ഉടനെ ഈ വ്യാജ കമ്പനികൾ എല്ലാ ആശയവിനിമയങ്ങളും നിർത്തി മുങ്ങുകയാണ് ചെയ്യുന്നത്.
Discussion about this post