കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്. ആഗോള വിപണിയിൽ ആശങ്ക ശക്തമായതാണ് വില വർധനവിന് കാരണം. വരും ദിവസങ്ങളിലും വില കൂടുമെന്ന സൂചനയാണ് വിപണി നിരീക്ഷകർ പങ്കുവയ്ക്കുന്നത്. സ്വർണത്തിന് മാത്രമല്ല, ക്രൂഡ് ഓയിലിനും വില കൂടിയിട്ടുണ്ട്. സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് സ്വർണം.
ഒക്ടോബർ ഒന്നിന് സ്വർണം പവന് 240 രൂപ കുറഞ്ഞിരുന്നു. വരും ദിവസങ്ങളിൽ കുറഞ്ഞേക്കുമെന്ന പ്രചാരണവും ഒരുഭാഗത്ത് നിന്നുണ്ടായിരുന്നു. അതിനിടെയാണ് പശ്ചിമേഷ്യയിൽ രാഷ്ട്രീയ സാഹചര്യം മാറിയിരിക്കുന്നതും ആഗോള തലത്തിൽ ഭീതി ഉയർന്നിരിക്കുന്നതും. പുതിയ സ്വർണവില, കൂടാനുള്ള കാരണങ്ങൾ, വരും ദിവസങ്ങളിലെ സാധ്യതകൾ എന്നിവ വിശദീകരിക്കാം…
പവൻ വില ഇന്ന് 400 രൂപ ഉയർന്ന് 56800 രൂപയായി. ഗ്രാം വിലയിൽ 50 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 7100 രൂപയാണ് ഇന്ന് ഒരു ഗ്രാമിന്. നേരത്തെ ഇതേ വിലയിൽ എത്തിയിരുന്നു എങ്കിലും പിന്നീട് നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്ന് ഒറ്റയടിക്ക് റെക്കോർഡ് വിലയിൽ തിരിച്ചെത്തി. 18 കാരറ്റ് സ്വർണത്തിനും വലിയ മുന്നേറ്റമാണ് കാണിക്കുന്നത്. ഗ്രാമിന് 40 രൂപ വർധിച്ച് 5875 രൂപയിലെത്തി. വെള്ളിയുടെ വില ഗ്രാമിന് 98 രൂപ എന്ന നിരക്കിൽ തുടരുകയാണ്.
അന്തർ ദേശീയ വിപണിയിൽ സ്വർണം ഔൺസിന് 2655 ഡോളറാണ് പുതിയ വില. 2661 ഡോളർ വരെ ഉയർന്ന ശേഷം അൽപ്പം താഴുകയായിരുന്നു. ഡോളർ സൂചിക 101ലേക്ക് ഉയർന്നിട്ടുണ്ട്. ഇന്ത്യൻ രൂപ 83.88 എന്ന നിരക്കിലേക്ക് താഴ്ന്നു. ഡോളർ മുന്നേറുന്നത് സ്വർണവില കുറയാൻ കാരണമാകുമെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യമാണ് എല്ലാം തകിടം മറിച്ചിരിക്കുന്നത്.
ഇന്ന് ഒരു പവൻ സ്വർണ്ണാഭരണം വാങ്ങുന്നവർക്ക് 62000 രൂപ വരെ ചെലവ് വരും. പഴയ സ്വർണം വിൽക്കുന്നവർക്ക് 54000 രൂപയ്ക്ക് അടുത്ത് ലഭിച്ചേക്കും. തങ്കത്തിന്റെ വിലയിലും മാറ്റം വരുന്നത് പഴയ സ്വർണം വിൽക്കുന്നവർക്ക് നേട്ടമാകും. എത്ര വില കൂടിയാലും സ്വർണം വാങ്ങാൻ ആളുണ്ട് എന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു. മാത്രമല്ല, ആശങ്ക വ്യാപിച്ചിരിക്കെ മിക്ക കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങുന്നത് വർധിപ്പിക്കാൻ ഇടയുണ്ടെന്നും ഇതും സ്വർണവില കൂടാൻ വഴിയൊരുക്കുമെന്നും സാമ്പത്തിക നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പലസ്തീന് പുറമെ ലബനാനിലും ശക്തമായ ആക്രമണം നടത്തിയ ഇസ്രായേലിന്റെ നീക്കം മേഖലയിൽ അശാന്തി പരത്തിയിട്ടുണ്ട്. ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം തുടങ്ങിയതും ആശങ്ക വർധിപ്പിച്ചു. ഇതോടെ മേഖലയിൽ പുതിയ നിക്ഷേപം വരില്ലെന്ന് മാത്രമല്ല, ആഗോള ചരക്കു കടത്ത് സ്തംഭിക്കുമോ എന്ന ആശങ്കയുമുണ്ട്. ലോക ചരക്കു കടത്തിന്റെ പകുതിയോളം ഈ മേഖലയിലൂടെയാണ്.
Discussion about this post