ഉത്തരാഖണ്ഡ്; ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ സിൽക്യാര തുരങ്കത്തിലകപ്പെട്ട തൊഴിലാളികളുടെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. 41 തൊഴിലാളികളാണ് കഴിഞ്ഞ ഒൻപത് ദിവസമായി തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.
“ഞങ്ങൾക്ക് ഭക്ഷണം ലഭിക്കുന്നുണ്ട്. പക്ഷേ, എല്ലാവരും മോശം അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിൽ പുരോഗമനമുണ്ടോ, ഞങ്ങളെ വേഗം പുറത്തെത്തിക്കൂ. ഓരോ ദിവസം കഴിയും തോറും കാര്യങ്ങൾ ദുഷ്കരമാകുകയാണ്,’ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളിൽ ഒരാളായ അഖിലേഷ് കുമാറിന്റെ വാക്കുകളാണിത്.
VIDEO | First visuals of workers stuck inside the collapsed Silkyara tunnel in #Uttarkashi, Uttarakhand.
Rescuers on Monday pushed a six-inch-wide pipeline through the rubble of the collapsed tunnel allowing supply of larger quantities of food and live visuals of the 41 workers… pic.twitter.com/mAFYO1oZwv
— Press Trust of India (@PTI_News) November 21, 2023
ഇന്നലെ ഉത്തർ പ്രദേശ് (യുപി) സർക്കാർ പ്രതിനിധിയായ അരുൺ കുമാറിനോട് തുരങ്കത്തിനുള്ളിൽ നിന്ന് സംസാരിക്കവെയാണ് അഖിലേഷ് നിരാശയും പ്രതീക്ഷയുമെല്ലാം പങ്കുവച്ചത്. കഴിഞ്ഞ ഒൻപത് ദിവസമായി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. തുരങ്കത്തിലകപ്പെട്ട തൊഴിലാളികളിൽ എട്ട് പേർ യുപിയിൽ നിന്നുള്ളവരാണ്. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച അഖിലേഷ് എത്രയും വേഗം തങ്ങളെ പുറത്തെത്തിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഞങ്ങളുടെ കുടുംബാംഗങ്ങളോട് വിഷമിക്കേണ്ടതില്ലെന്ന് പറയണമെന്നായിരുന്നു മറ്റൊരു തൊഴിലാളിയായ രാം സുന്ദർ പറഞ്ഞത്. തൊഴിലാളികളുമായുള്ള സംഭാഷണങ്ങളുടെ ശബ്ദശകലങ്ങൾ കുടുംബാംഗങ്ങളുമായി പങ്കുവച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തകരും തൊഴിലാളികളും കുടുംബാംഗങ്ങളും തമ്മിലുള്ള ആശയവിനിമയം ഏകോപിപ്പിക്കുന്നതിനായാണ് സംസ്ഥാനങ്ങളുടെ പ്രതിനിധികൾ ഉത്തർകാശിയിലെത്തിയിരിക്കുന്നത്. തൊഴിലാളികളുടെ മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
“തൊഴിലാളികളെ നിരന്തരം ബന്ധപ്പെടുന്നുണ്ട്. യോഗ, നടത്തം പോലുള്ള കാര്യങ്ങൾ ചെയ്യാൻ നിർദേശങ്ങൾ നൽകി. ഇതിനു മുൻപ് സമാനസാഹചര്യത്തിലൂടെ കടന്നുപോയതും കൂട്ടത്തിലെ ഏറ്റവും മുതിർന്ന തൊഴിലാളിയുമായ ഗബ്ബാർ സിങ് നേഗി മറ്റുള്ളവരുടെ ആത്മവിശ്വാസം നിലനിർത്തുന്നതിനായുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്,” ദൗത്യത്തിനായി സർക്കാർ നിയോഗിച്ച മനശാസ്ത്രജ്ഞനായ ഡോ. അഭിഷേക് ശർമ ദി ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി.
ആറ് ഇഞ്ച് പൈപ്പിലൂടെയാണ് നിലിവിൽ തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നത്. വൈകാതെ തന്നെ മൊബൈൽ ഫോണുകളും ചാർജറും എത്തിച്ച് നൽകിയേക്കും. അപകടം നടന്ന സിൽക്യാര ടണലിന് 4.5 കിലോമീറ്റർ ദൈർഘ്യമാണ് ഉള്ളത്. പ്ലാനുകൾ പ്രകാരം തുരങ്കത്തിൽ രക്ഷാപ്രവർത്തനത്തിനുള്ള റൂട്ട് നിർദ്ദേശിച്ചിരുന്നെങ്കിലും തീരുമാനം നടപ്പാക്കിയിരുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കിടെ തുരങ്കത്തിനകത്ത് അകപ്പെട്ടത്.
തുരങ്കത്തിന് തകർച്ചയോ മണ്ണിടിച്ചിലോ മറ്റെന്തെങ്കിലും ദുരന്തമോ ഉണ്ടായാൽ വാഹനങ്ങളിൽ കടന്നുപോകുന്ന ആളുകളെ രക്ഷപ്പെടുത്താനാണ് തുരങ്കങ്ങൾക്കുള്ളിൽ ഇത്തരം രക്ഷപ്പെടാനുള്ള റൂട്ടുകൾ ഉപയോഗിക്കുന്നത്.
Discussion about this post