ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ടണൽ തകർന്ന് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം തുടരുന്നു. പുതുതായി സ്ഥാപിച്ച ആറിഞ്ച് പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടു തൊഴിലാളികളുടെ നിലവിലെ സാഹചര്യം വിലയിരുത്തിയ രക്ഷാസംഘം, വാക്കിടോക്കിയിലൂടെ ആശയവിനിമയം നടത്തിയത് പ്രതീക്ഷ വർധിപ്പിക്കുന്നു. തൊഴിലാളികൾക്ക് മരുന്നും വെള്ളവും ഭക്ഷണവും പൈപ്പിലൂടെ എത്തിച്ചുനൽകി. വരും മണിക്കൂറുകളിൽ ശുഭകരമായ വാർത്ത പുറത്തുവരുമെന്ന പ്രതീക്ഷയിൽ പതിനൊന്നാം ദിവസവും രാജ്യം കാത്തിരിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനായി അഞ്ച് മാർഗങ്ങളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ആദ്യം ടണലിന്റെ കവാടത്തിൽ നിന്ന് തുരന്ന് തൊഴിലാളികൾക്ക് അടുത്തേക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ, ഈ ശ്രമം വിജയം കാണാതെ വന്നതോടെ, മറ്റു മാർഗങ്ങൾ സ്വീകരിക്കുന്നതിനെ കുറിച്ച് രക്ഷാസംഘങ്ങൾ ആലോചിച്ചു. തുടർന്നാണ് അഞ്ചിടത്ത് സമാന്തര തുരങ്കങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചത്. സിക്യാരയിലെ ടണലിന്റെ മുൻ ഭാഗത്തുനിന്ന് നാഷണൽ ഹൈവെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഒരു സംഘം ടണൽ മൂടിക്കിടിക്കുന്ന അവശിഷ്ടങ്ങൾ തുരക്കാൻ ശ്രമം തുടരുന്നുണ്ട്. 22 മീറ്റർ തുരന്നെങ്കിലും വെള്ളിയാഴ്ച തടസ്സം നേരിട്ടത്തിനെ തുടർന്ന് തുരക്കുന്നത് നിർത്തിവച്ചിരുന്നു. ഇത് പുനരാരംഭിച്ചിട്ടുണ്ട്. 900 മീറ്റർ വീതിയുള്ള പൈപ്പ് ഈ തുരങ്കത്തിലൂടെ കടത്തിവിടാനായിരുന്നു ആദ്യ ശ്രമം. എന്നാൽ, പാറയിൽ തട്ടി മെഷീൻ തകർന്നതോടെ തുരക്കൽ നിർത്തേണ്ടിവന്നു. 22 മീറ്റർ മാത്രമാണ് തുരക്കാൻ സാധിച്ചത്.
വശങ്ങളിൽ നിന്ന് തുരക്കാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ രക്ഷാ സംഘമാണ് വശങ്ങളിൽ നിന്ന് തുരക്കുന്നത്. തുരങ്ക കവാടത്തിന്റെ ഇടതുവശത്തായി 280 മീറ്റർ ദൂരത്തിലാണ് മൈക്രോ ഡ്രില്ലിങ് നടത്തുന്നത്. നാസിക്, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ഇതിനുവേണ്ടി ഡ്രില്ലിങ് മെഷീനുകൾ എത്തിച്ചത്.1.2 മീറ്റർ വീതിയിലും 170 മീറ്റർ വീതിയിലുമാണ് ഈ രീതിയിൽ തുരക്കുന്നത്. മുകളിൽ നിന്ന് താഴേക്ക് തുരക്കാനുള്ള നീക്കത്തെ കുറിച്ചും രക്ഷാ സംഘം ആലോചിക്കുന്നുണ്ട്. 1.2 മീറ്റർ വീതിയിലാണ് മുകളിൽ നിന്ന് താഴേക്ക് തുരക്കാൻ പദ്ധതിയിടുന്നത്. തുരങ്ക കവാടത്തിൽ നിന്ന് 320 മീറ്റർ മാറിയാണ് മുകളിൽ നിന്ന് താഴേക്ക് തുരക്കാൻ ഉദ്ദേശിക്കുന്നത്. സത്‌ലജ് ജൽ വിദ്യുത് നിഗം ആണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഡ്രിൽ ചെയ്യാൻ വേണ്ടിയുള്ള ഉപകരണങ്ങൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ നിന്ന് രണ്ട് മെഷീനുകൾ കൂടി എത്തിക്കും. രണ്ടാമതൊരു തുരങ്കം കൂടി മുകളിൽ നിന്ന് തുരക്കുന്നുണ്ട്. ഓയിൽ ആന്റ് നാചുറൽ കോർപ്പറേഷൻ (ഒഎൻജിസി) ആണ് നേതൃത്വം നൽകുന്നത്. ടണലിന്റെ അവസാനത്തിൽ നിന്ന് 480 മീറ്റർ മാറിയാണ് ഇതിന് വേണ്ടി മാർക്ക് ചെയ്തിരിക്കുന്നത്. 325 മീറ്റർ താഴ്ചയിലായിരിക്കും ഈ തുരങ്കം നിർമ്മിക്കുന്നത്. യുഎസ്, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നാണ് മെഷീനുകൽ എത്തിച്ചിരിക്കുന്നത്.
ബാർക്കോട്ടിൽ ടണൽ അവസാനിക്കുന്നിടത്ത് നിന്ന് 483 മീറ്റർ തിരശ്ചീനമായ തുരങ്കവും നിർമ്മിക്കാൻ ആലോചനയുണ്ട്. ടെഹ്‌റി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് ഈ ശ്രമത്തിന് നേതൃത്വം നൽകുന്നത്.മണ്ണിടിച്ചിൽ സാധ്യതയാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സങ്ങളിൽ ഒന്ന്. പലമേഖലയിലും മണ്ണിന് പലതരം സ്വഭാവമാണ്. ചിലയിടങ്ങളിൽ മണ്ണിന് തീരെ ബലമില്ലാത്ത അവസ്ഥയാണെങ്കിൽ, ചിലയിടങ്ങളിൽ കട്ടി കൂടുതലാണ്. ഇത് രക്ഷാപ്രവർത്തകർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
കാഠിന്യമേറിയതും വഴങ്ങാത്തതുമായ പാറക്കൂട്ടമാണ് മറ്റൊരു വലിയ വെല്ലുവിളി. പാറയുടെ കാഠിന്യം കാരണം ഡ്രില്ലിങ് മെഷീനുകൾ കേടാകുന്നതും വെല്ലുവിളിയാണ്.
രക്ഷാദൗത്യത്തിന്റെ ആദ്യ മണിക്കൂറുകളിൽ, ആവശ്യമായ മെഷീനുകളുടേയും വിഗദഗ്ധരുടേയും അഭാവം പ്രതികൂല സാഹചര്യം സൃഷ്ടിച്ചു. എന്നാൽ, തായ്‌ലൻഡ്, യുഎസ് എന്നിവിടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരുടെ സംഘവും മെഷീനുകളും എത്തിയതോടെ, ഈ പ്രതിസന്ധി ഏറെക്കുറെ മറികടക്കാൻ സാധിച്ചു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനായി ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രണ്ട് റോബോട്ടുകളെ എത്തിച്ചിട്ടുണ്ട്.
Discussion about this post