കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ടതിനെതിരെ കല്‍ക്കട്ട ഹൈക്കോടതി. സിംഹങ്ങൾക്ക് അക്‌ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പേര് മാറ്റി വിവാദം ഒഴിവാക്കാനും കോടതി സർക്കാരിന് നിർദ്ദേശം നൽകി. പശ്ചിമ ബംഗാളിലെ ‘അക്ബര്‍-സീത’ വിവാദവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കവേയാണ് ഹൈക്കോടതിയുടെ പ്രതികരണം.
സിംഹങ്ങള്‍ക്ക് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്നും നിലവിലെ പേര് മാറ്റാമെന്നും ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്നും കോടതി ചോദിച്ചു. അക്ബര്‍ പ്രഗത്ഭനായ മുഗള്‍ ചക്രവര്‍ത്തിയാണ്. അദ്ദേഹത്തിന്റെ പേര് സിംഹത്തിന് ഇട്ടതും ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. സിംഹത്തിന് ടഗോര്‍ എന്ന് പേരിടുമോയെന്നും കോടതി ആരാഞ്ഞു.
‘അക്ബര്‍’ സിംഹത്തെയും ‘സീത’ സിംഹത്തെയും മൃഗശാലയില്‍ ഒന്നിച്ചു പാര്‍പ്പിക്കുന്നത് മതനിന്ദയാണെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്താണ് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, വിഎച്ച്പി നൽകിയ റിട്ട് ഹർജി അനുവദിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. റിട്ട് ഹർജിയായി ഈ ആവശ്യം നിലനിൽക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാൽപര്യ ഹർജിയായി മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്തു. പത്ത് ദിവസത്തിനുള്ളിൽ റെഗുലർ ബെഞ്ചിന് മുന്നിൽ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
Discussion about this post