ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം -ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ – എത്രയും വേഗം യാഥാർഥ്യമാക്കാനുള്ള ദൗത്യം ആരംഭിച്ചു ISRO. 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രവർത്തന സജ്ജമാക്കുക എന്നതാണ് ലക്‌ഷ്യം. നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് വ്യക്തമാക്കുന്നു.
2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയംപ്രവർത്തനമാരംഭിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ഐ എസ് ആർ ഓ ആരംഭിച്ചിട്ടുണ്ട്.
ലോ എർത്ത് ഓർബിറ്റിലാകും ബഹിരാകാശ നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ എന്ന് വിളിക്കുന്ന ഈ ബഹിരാകാശ നിലയത്തിൽ രണ്ട് മുതൽ നാല് യാത്രികർക്ക് വരെ കഴിയാനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ബഹിരാകാശ നിലയത്തിന്റെ തുടക്കത്തിലുള്ള ഭാരം 20 ടൺ ആയിരിക്കും . പിന്നീട് വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതോടെ നിലയത്തിന്റെ ഭാരം 400 ടൺ ആയി ഉയർത്താനാകും.
അന്തിമ ഘട്ടത്തിൽ നാല് വ്യത്യസ്ത മോഡ്യൂളുകൾ നിലയത്തിനുണ്ടാവും. സോളാർ മൊഡ്യൂൾ, ക്രൂ മൊഡ്യൂൾ, എൻവിയോൺമെന്റൽ ലൈഫ് സപ്പോർട്ട് ആൻഡ് കണ്ട്രോൾ സിസ്റ്റം, ക്രൂ മൊഡ്യൂൾ എസ്കേപ്പ് സിസ്റ്റം എന്നിവയാണവ.
ബഹിരാകാശ നിലയത്തിന്റെ ഒരറ്റത്തു തയാറാക്കുന്ന ഡോക്കിങ് പോർട്ടിലാകും
യാത്രികർ സഞ്ചരിക്കുന്ന ക്രൂ മൊഡ്യൂൾ ബന്ധിപ്പിക്കുക.
അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രൂ മൊഡ്യൂൾ എസ്കേപ്പ് സിസ്റ്റവും ഉണ്ടാവും. ആദ്യം വിക്ഷേപിക്കുന്ന മോഡ്യൂളിൽ രണ്ട് വലിയ സോളാർ പാനലുകളാണുണ്ടാവുക. നിലയത്തിന്റെ പ്രവർത്തനത്തിന് വേണ്ട ഊർജം സംഭരിക്കുകയാണ് ലക്‌ഷ്യം.
പിന്നാലെ വിക്ഷേപിക്കുന്ന പ്രധാന മോഡ്യൂളിൽ തദ്ദേശീയമായി നിർമിക്കുന്ന എൻവിയോൺമെന്റൽ ലൈഫ് സപ്പോർട്ട് ആൻഡ് കണ്ട്രോൾ സിസ്റ്റം ആയിരിക്കും നിലയത്തിന്റെ ജീവനാഡി. നിലയത്തിലെ ഓക്സിജൻ ഉല്പാദിപ്പിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് പുറംതള്ളുവാനും, ഈർപ്പം നിലനിർത്തുവാനും ഈ മൊഡ്യൂൾ സഹായകമാകും.
Discussion about this post