അടുത്ത തലമുറ വിക്ഷേപണ വാഹനമായ എൻജിഎൽവി (ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ-NGLV)യുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ്. സൂര്യ എന്നും പേരിട്ടിരുന്ന പ്രോജക്ടിനെ നയിക്കുന്നത് വിഎസ്എസ്‌സി (VSSC)യിൽ പ്രോഗ്രാം ഡയറക്ടറായ എസ് ശിവകുമാറാണ്.
നിലവിലെ റോക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായതിനാൽ NGLVയുടെ വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിൽ പുതിയ ലോഞ്ച് പാഡ് സ്ഥാപിക്കണമെന്നും എസ് സോമനാഥ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എസ് സോമനാഥ് ഇക്കാര്യം പറഞ്ഞത്.
NGLV വികസിപ്പിക്കുന്നതിന് വേണ്ടി LVM-3, GSLV, PSLV, SSLV ടീമുകളിൽ നിന്ന് അംഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോജക്ടിന്‌റെ ആദ്യഘട്ടമാണ് എസ് ശിവകുമാറിന്റെ നേതൃത്വത്തിൽ നടക്കുക. ഇതിനായി അസോസിയേറ്റ് പ്രോജക്ട് ഡയറക്ടർമാർ, പ്രോജക്ട് ഡയറക്ടർമാർ, പ്രോജക്ട് മാനേജർമാർ തുടങ്ങിയവരുടെ വലിയ സംഘം ഇതിനായി തയ്യാറായി കഴിഞ്ഞു.
രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ സ്പേസ് വിഷൻ 2047ന്റെ ഭാഗമായിട്ടാണ് NGLV വികസിപ്പിക്കുന്നത്. 2035 ഓടെ രാജ്യത്തിന്റെ സ്വന്തം ബഹിരാകാശ നിലയം (സ്പേസ് സ്റ്റേഷൻ) ഉൾപ്പടെയുള്ള പദ്ധതികൾ സ്പേസ് വിഷൻ 2047ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബഹിരാകാശ നിലയത്തിൻെറ ആദ്യ യൂണിറ്റ് നിലവിലെ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപിക്കാൻ സാധിക്കുമെന്നും എസ് സോമനാഥ് പറഞ്ഞു. 2028ലായിരിക്കും സ്പേസ് സ്റ്റേഷന്റെ ആദ്യ യൂണിറ്റ് വിക്ഷേപിക്കുക.
മീഥേൻ ലിക്വിഡ് ഓക്സിജൻ, കെറോസീൻ ലിക്വിഡ് ഓക്സിജൻ പോലുള്ള ഹരിത ഊർജം ഉപയോഗിച്ചായിരിക്കും എൻജിഎൽവി റോക്കറ്റ് പ്രവർത്തിക്കുക. നിലവിലെ റോക്കറ്റുകൾക്ക് ഉള്ളതിനേക്കാൾ രണ്ടിരട്ടി വാഹകശേഷിയുള്ള ലോഞ്ച് വെഹിക്കിളാണ് നിർമിക്കാൻ പോകുന്നത്. റോക്കറ്റ് നിർമാണത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തമുണ്ടാകുമെന്നും എസ് സോമനാഥ് പറഞ്ഞു.
Discussion about this post