“സ്വാമി വിവേകാനന്ദൻ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ആ കാൽക്കീഴിൽ ഞാൻ അഭയം തേടിയെനെ ”
തൻ്റെ ആത്മകഥയിൽ സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള നേതാജിയുടെ ഈ പ്രസ്താവന അദേഹത്തിന് സ്വാമി വിവേകാനന്ദനോട് ആദരവും,സ്നേഹവും മാത്രമല്ല, അദേഹത്തിൻ്റെ ചിന്താഗതികൾ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നതിൻ്റെ അടയാളം കൂടിയായിരുന്നു. സോഷ്യലിസ്റ്റ് ആയിരുന്നു നേതാജി എന്ന് അഭിമാനപൂർവം വിളംബരം ചെയ്യുന്നവർ പക്ഷേ ഒരിക്കലും ഹിന്ദു വായ നേതാജിയെ പരിചയപ്പെടുത്തില്ല. നേതാജി ഹിന്ദു വായിരുന്നു. പൈതൃകത്തിൻ്റെ,സംസ്ക്കാരത്തിൻ്റെ,ധർമ്മത്തിൻ്റെ ഉപാസകനായ നേതാജിയെ അധികം ആർക്കും അറിയില്ല എന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയൊരു നേതാജിയെ നമുക്ക് അന്വേഷിക്കേണ്ടതുണ്ട്.
ബർമയിലെ മണ്ഡല(mandala) ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുമ്പോഴാണ് ബർമയിലെ ബ്രിട്ടീഷ് ചീഫ് സെക്രട്ടറിക്ക് ജനുവരി 16നു നേതാജി ആ കത്ത് അയക്കുന്നത്. കത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ വായിക്കാം. (ബർമ ആ സമയം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു)
“ഭാരതത്തിന്റെ ഓരോ ഏടും തങ്ങളുടെ മതവിശ്വാസത്തെ അഭംഗുരം നിലനിർത്താനായി ആത്മബലിദാനം നടത്തിയ വീരരക്തസാക്ഷികളുടെ ഉജ്ജ്വല ചരിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭാരതത്തെ വൈഭവ ശാലിയാക്കുന്നതിൽ അവർ സ്വപ്രാണൻ ബലി കഴിച്ചു…”
തുടർന്ന് ആ കത്തിൽ അദ്ദേഹം ഇങ്ങനെ കൂടി എഴുതി ചേർത്തിരിക്കുന്നു…
“ഭാരതം ജീവിച്ചിരിക്കുന്നത് അതിന്റെ ആത്മാവ് അനശ്വരവും അമരവും ആണെന്നത് കൊണ്ടാണ്,അതാകട്ടെ ഭാരതത്തിന്റെ മതവിശ്വാസം കാരണമാണ് താനും….”
ഭാരതം ജീവിച്ചിരിക്കുന്നതും ചിരസ്ഥായിയായ അതിന്റെ അസ്തിത്വത്തെയും ഭാരതാംബയും സനാതന സംസ്കൃതിയും തമ്മിലുള്ള ബന്ധവും നേതാജി കൂട്ടിയിണക്കി വിശദീകരിക്കുന്നത് എത്ര മനോഹരമാണ്. ഇതേ വാക്കുകൾ തന്നെ സ്വാമി വിവേകാനന്ദനും പറഞ്ഞിട്ടുണ്ട് എന്ന ഓർക്കുക.
അതെ കത്തിൽ തന്നെ മതസംബന്ധമായ ഞങ്ങളുടെ ആവിശ്യങ്ങൾ ഒന്നും പരിഗണിക്കാതെ താങ്കളുടെ സർക്കാർ ഭാരതീയരുടെ ധർമ്മവൃത്തിയോടും അതിന്റെ പുരാതനവും ആധുനികവുമായ ചരിത്രത്തോടും അജ്ഞതയാണ് കാണിക്കുന്നത് എന്നും നേതാജി തുറന്നടിച്ചു.
“മതം ഞങ്ങളുടെ ദൈനംദിന സാമൂഹികജീവിതവുമായി അത്രയേറെ ഇഴകി ചേർന്നിരിക്കുന്ന ഒന്നാണ്. നിർഭാഗ്യവശാൽ ഞങ്ങളിന്ന് പിന്നോട്ട് പോയിട്ടുണ്ടാകാം. അന്യദേശത്തിന് അടിമപ്പെട്ട് പോയിരിക്കാം,പക്ഷെ ഭാരതത്തിന്റെ ചിരന്തന മൂല്യങ്ങളോട് ബ്രിട്ടീഷുകാർ ആദരവ് കാണിച്ചേ മതിയാകൂ..” (നേതാജി സെക്രട്ടറിക്ക് എഴുതിയ കത്തിന്റെ പൂർണരൂപം വിസ്താര ഭയത്താൽ എഴുതുന്നില്ല. അതിലെ ഏതാനും ചില ഭാഗങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. സനാതന സംസ്കൃതിയെപറ്റി അദ്ദേഹം കത്തിൽ കൂടുതൽ വിവരിക്കുന്നുണ്ട്..)
ഇവിടം കൊണ്ട് തീരുന്നില്ല. അതെ മണ്ഡല ജയിലിൽ തന്നെ ഹോളിയും ദുർഗ്ഗാപൂജയും സരസ്വതി പൂജയും നടത്തുന്നതിനായി സെക്രട്ടറിക്ക് മറ്റു തടവുകാർക്കൊപ്പം1926 ഫെബ്രുവരി 2നു നേതാജി എഴുതിയ കത്തിലെ ചില പ്രസക്ത ഭാഗങ്ങൾ.
“വളരെ മുൻപ് തന്നെ ജയിലിൽ ഹോളിയും സരസ്വതി പൂജയും ആഘോഷിക്കണമെന്ന് ആവിശ്യപ്പെട്ട് ഞങ്ങൾ ഇൻസ്‌പെക്ടർ ജനറലിന് കത്തയച്ചതാണ്.അതിന് മറുപടി ലഭിച്ചിട്ടില്ല. ഇതേ കുറിച്ചുള്ള എന്റെ അഭിപ്രായം ഈ ഉത്സവങ്ങളുടെ ചിലവ് സർക്കാർ വഹിക്കണമെന്നാണ്. സരസ്വതി പൂജ 15 ദിവസം നീണ്ട് നിൽക്കുന്നതാണ് അതിന് 65 രൂപ 9 അണ ചിലവാകും, വരുന്ന ഫെബ്രുവരി 26നു ഹോളിയാണ്, രണ്ട് ദിവസം അതിനായി ആഘോഷിക്കണം. അതിന് 100 രൂപയിൽ കൂടുതൽ ആകില്ല. രണ്ടിന്റെയും ചിലവ് ഞങ്ങൾക്ക് നൽകണമെന്ന് ഞാനാവിശ്യപ്പെടുന്നു…”
ഇത്രയും പറഞ്ഞതിന് ശേഷം നേതാജി ആലിപൂർ സെൻട്രൽ ജയിലിൽ ക്രൈസ്തവർക്ക് മതാനുഷ്‌ഠാനങ്ങൾ നിർവഹിക്കാൻ സർക്കാർ 1200 രൂപ നൽകിയെന്നും ബംഗാളിലെ തടവുകാർക്ക് മതാനുഷ്‌ഠാനങ്ങൾ അനുഷ്ഠിക്കുന്നതിനായി മുഴുവൻ ചിലവും സർക്കാരാണ് നൽകുന്നതെന്നും ഓർമിപ്പിച്ചു.
പതിനഞ്ചാമത്തെ വയസിലാണ് ബാലനായ സുഭാഷിന്റെ ജീവിതത്തിൽ സ്വാമി വിവേകാനന്ദൻ കടന്നു വരുന്നത്. തന്റെ ചെറുപ്പകാലത്തു തന്നെ നേതാജി വിവേകാനന്ദ സ്വാമികളുടെ സമ്പൂർണ കൃതികളും വായിച്ചിരുന്നു. അകമഴിഞ്ഞ ആദരവും ഭയഭക്തി ബഹുമാനങ്ങളും അദ്ദേഹത്തിന് സ്വാമിജിയോടുണ്ടായിരുന്നു.
സ്വാമിജിയുടെ കൊളോമ്പോ മുതൽ അൽമോറ വരെ നടത്തിയ സകല പ്രസംഗങ്ങളും നേതാജിക്ക് ഹൃദിസ്ഥമായിരുന്നു. പല വേദികളിലും അദ്ദേഹം അത് ഉദ്ധരിക്കുന്നുമുണ്ട്.
“ആത്മനോ മോക്ഷാർത്ഥം ജഗദ് ഹിതായച്ച”; മറ്റുള്ളവരുടെ മുക്തിയും മാനവസേവനവും നിങ്ങളുടെ ജീവിത ലക്ഷ്യമാകുന്നു എന്ന വിവേകാനന്ദ വചനം ജീവിതത്തിൽ ഉടനീളം പാലിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ആ ദേശസ്നേഹിയുടെ പിൽക്കാല ജീവിതത്തിൽ നിന്നും നമ്മുക്ക് സുവ്യക്തമാണ്. ഇതിൽ നിന്നെല്ലാം തന്നെ നേതാജിയുടെ ജീവിതത്തിൽ സ്വാമി വിവേകാനന്ദൻ ചെലുത്തിയ സ്വാധീനം തെളിനീരുറവ പോലെ കാണുവാൻ കഴിയുന്നു.
മഹർഷി അരവിന്ദനും നേതാജിക്ക് മുന്നിൽ ജ്വലിക്കുന്ന ഉത്തമ മാതൃകയായിരുന്നു. ICS പരീക്ഷ വിജയിച്ചതിന് ശേഷം അതുപേക്ഷിക്കാൻ തനിക്ക് അരവിന്ദ മഹർഷിയുടെ മാതൃക മുന്നിൽ ഉണ്ടെന്നാണ് നേതാജി തന്റെ സഹോദരനായ ശരത് ചന്ദ്ര ബോസിന് എഴുതിയ കത്തിൽ വ്യക്തമാക്കുന്നത്. ഒരുപടി കൂടി കടന്ന് അരവിന്ദ മഹർഷി തന്റെ ആധ്യാത്മിക ഗുരുവാണെന് കൂടി നേതാജി അടിവരയിടുന്നു…” എന്റെ സിദ്ധാന്തം സ്ഥിരതയുള്ളതും നിശിതവുമാണ്. എന്നാൽ എന്റെ ഭാവി ആ(അരവിന്ദ മഹർഷി) കൈകളിലാണ് കുടികൊള്ളുന്നത് എന്നാണ് നേതാജി എഴുതിയത്…
(സമഗ്ര രചനാവലി പുറം – 120,121)
മണ്ഡല ജയിലിൽ നിന്നും ഹരിചരൺ ബഗായി എന്ന യുവാവിന് എഴുതിയ കത്തിൽ നേതാജി സാധനയുടെ മഹത്വവും സാധനയുടെ ഗുണഗണങ്ങളെ പറ്റിയും വിശദമായി എഴുതുന്നു. എന്നും പ്രഭാതത്തിൽ ധ്യാന നിഷ്ഠനാകണമെന്നും അതിനെ കുറിച് കൂടുതൽ പഠിക്കണമെന്നും നേതാജി ബഗായിയെ നിർദേശിക്കുന്നു.
“നിയമേന യുള്ള വ്യായാമംകൊണ്ട് ശരീരത്തിന് എങ്ങനെയാണോ കരുത്ത് വർദ്ധിക്കുന്നത് അതേപോലെ നിയമിത രൂപത്തിലുള്ള സാധനയി mലൂടെ സദ്‌വിചാരങ്ങൾ ഉണരും, ‘രിപു’നാശനവും സാധിക്കും. സാധനയുടെ ഉദ്ദേശ്യം രണ്ടാണ് (1) ശത്രുനിഗ്രഹം – അതായത് കാമം, ഭയം, സ്വാർത്ഥത തുടങ്ങിയവക്ക് മേലെയുള്ള ജയം.
രണ്ട്,സ്നേഹം, ഭക്തി, ത്യാഗബുദ്ധി തുടങ്ങിയ ഗുണങ്ങളുടെ വികാസം.
കാമജയത്തിന് പ്രധാന ഉപായം സ്ത്രീകളെ അമ്മയായി കാണുകയും, (ദുർഗ്ഗ, കാളി) ഈശ്വരാരാധന നടത്തുകയുമാണ്. ഈശ്വരനെ സ്ത്രീരൂപത്തിൽക്കാണുന്ന സ്‌ഥിതിവന്നുകഴിഞ്ഞാൽ മനുഷ്യൻ നിഷ്കാമനായിത്തീരും. അതുകൊണ്ട് നമ്മുടെ പൂർവ്വികന്മാർ മഹാശക്തിക്ക് സാകാരകല്‌പനചെയ്യുമ്പോൾ അത് സ്ത്രീ രൂപത്തിലാക്കി. സാധാരണജീവിതത്തിൽ ക്രമേണ ഈ മാതൃ ഭാവന അന്യസ്ത്രീകളിൽ വളർത്തി കൊണ്ടുവന്ന് മനസ്സ് പവിത്രവും ശുദ്ധവുമാക്കി തീർക്കാം.”
എന്നാൽ നേതാജി ഇതെല്ലാം ഉപദേശത്തിൽ ഒതുക്കിയിരുന്നില്ല .ബഗായിക്ക് അതിന് ഉപകാര സഹായകമാകുന്ന ധാരാളം പുസ്തകങ്ങളും നേതാജി നിർദേശിക്കുന്നുണ്ട്. വിവേകാനന്ദ സ്വാമികളുടെ സമ്പൂർണ കൃതികൾ,philosophy of religion,ശ്രീരാമകൃഷ്ണകഥാമൃതം,ബ്രഹ്മചര്യം(രമേശ് ചക്രവർത്തി,ഫകീർ ദേ,),സ്വാമി ശിഷ്യ സംവാദം,പത്രാവലി തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ അദ്ദേഹം ബഗായിക്ക് നിർദേശിക്കുന്നു….ആധ്യാത്മിക പ്രധാന്യത്തോടൊപ്പം തന്നെ ചരിത്ര പുസ്തകങ്ങളും നേതാജി ബഗായിക്ക് നിര്ദേശിക്കുന്നുണ്ട്.
കടുത്ത ശാക്തേയ ഉപാസകനായിരുന്നു നേതാജി. ഹരിചരൺ ബഗായിക്ക് എഴുതിയ കത്തിൽ നിന്ന് തന്നെ അത് സുവ്യക്തമാണ്. ഭയത്തെ അതിജീവിക്കാനുള്ള/ജയിക്കാനുള്ള ഏക മാർഗം ശാക്തേയ ഉപാസനയാണ് എന്ന് നേതാജി അടിവരയിട്ട് പറയുന്നു. ദുർഗാ ദേവിയും കാളിയും ഒക്കെ തന്നെ ശക്തിയുടെ കൺകണ്ട മൂർത്തി രൂപങ്ങളാണ് എന്ന് നേതാജി സ്ഥാപിക്കുന്നു. ആ മൂർത്തികളുടെ പാദങ്ങളിൽ വിശ്വാസമർപ്പിക്കുന്ന ഉപാസകൻ ശക്തനായിത്തീരും എന്നാണ് നേതാജി ബഗായിക്ക് നൽകുന്ന ഉപദേശം. പിൽകാലത്തു ബ്രിട്ടീഷ് അധിവേശ ശക്തികളുടെ മുന്നിൽ അവരെ വിറപ്പിക്കുന്ന അതി ശക്തനായ ദേശീയവാദി ആകുവാൻ നേതാജിയെ ശാക്തേയ ഉപാസന സഹായിച്ചിരുന്നിരിക്കണം. ബഗായിയോട് നേതാജി നിർദേശിക്കുന്നു;
“ഭയത്തെ ജയിക്കുന്നതിനുള്ള ഉപായം ശക്‌തിയുടെ സാധനമാത്രമാണ്. ദുർഗ്ഗ, കാളി തുടങ്ങിയ മൂർത്തികൾ ശക്തിയുടെരൂപവിശേഷങ്ങളാണ്. ശക്തിയുടെ ഏതെങ്കിലും ഒരുരൂപത്തിൽ
മനസ്സുറപ്പിച്ച് അവിടത്തോട് ശക്തിക്കായി പ്രാർത്ഥിക്കുകയും
ആ ചരണാരവിന്ദങ്ങളിൽ മനസ്സിന്റെ ദൗർബ്ബല്യങ്ങളെയും മാലിന്യങ്ങളെയും ബലിയർപ്പിക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യൻ ശക്തിമാനായിത്തീരും. നമ്മിൽ അനന്തശക്‌തി അന്തർലീനമായിട്ടുണ്ട്. അതിനെ നാംഉണർത്തുകയേവേണ്ടൂ. എന്നും ശക്തിരൂപത്തെ ധ്യാനിക്കുകയും ശക്തിക്കായി പ്രാർത്ഥിക്കുകയും പഞ്ചേന്ദ്രിയങ്ങളേയും മറ്റുസർവ്വരിപുക്കളേയും അവിടെ നിവേദിക്കുകയും ചെയ്യുക. പ്രപഞ്ചപ്രദീപമെന്നാൽ പഞ്ചേന്ദ്രിയമെന്നാണ് അർത്ഥം. ഈ ദീപങ്ങളെക്കൊണ്ടാണ് മാതൃശക്തിയെ പൂജിക്കുന്നത്. ധൂപം, സാമ്പ്രാണി തുടങ്ങി സുഗന്ധദ്രവ്യങ്ങളെക്കൊണ്ട് പൂജ നടത്തുന്നു ബലിയുടെ അർത്ഥം രിപുബലി എന്നാണ്. അതിലൂടെ കാമത്തെ നാം ജയിക്കുകയാണ്.”
ഭാരതം മുഴുവൻ വ്യാപിച്ചു കിടക്കുന്ന സനാതന സംസ്‌കൃതിയുടെ ഏകതാ ഭാവം നേതാജി വർണിക്കുന്നത് ഇന്നും പ്രസക്തമാണ്.
“വ്യത്യസ്ത ജനവിഭാഗത്തെ ഉൾക്കൊള്ളുവാനും ഒരു പൊതുസംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാക്കാൻ ഭാരതത്തിന് കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കൂട്ടിയിണക്കൽ ശക്തി ഹിന്ദുമതം അല്ലാതെ മറ്റൊന്നും ആയിരുന്നില്ല. തെക്കോ വടക്കോ പടിഞ്ഞാറോ കിഴക്കോ എവിടെ നോക്കിയാലും സമാനമായ ധാര്മികാശയങ്ങളും സംസ്കാരവും കാണുവാൻ സാധിക്കും. ധർമ്മിഷ്ഠനായ ഹിന്ദുവിന് തീർത്ഥയാത്ര പുണ്യം ലഭിക്കുന്നതിന് തെക്ക് രാമേശ്വരം തുടങ്ങി വടക്ക് ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയുന്ന ബദരീനാഥ് വരെ സന്ദർശിക്കുമ്പോഴാണ്.
(സമഗ്ര രചനാവലി രണ്ടാം ഭാഗം പുറം 1-2)
സ്ത്രീ സുരക്ഷയയെയും സ്ത്രീ പ്രധാന്യത്തെയും അവരുടെ പുരോഗതിയെയും പറ്റി നേതാജി വിശദമാക്കുന്നു…മാതൃരൂപത്തിൽ ഈശ്വരരാധന നടത്തുന്ന ഭാരതീയർ എന്നാൽ സ്ത്രീകളെ വേണ്ട രീതിയിൽ സംരക്ഷിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിച് നേതാജി വിമർശനം ഉയർത്തുന്നു. ഒരു വിദ്യാർത്ഥി സമ്മേളനത്തിനെ അഭിസംബോധന ചെയ്ത് നേതാജി പ്രസംഗിക്കുന്നു.
“മാതൃജനങ്ങളുടെ അഭിമാനം നമുക്ക് സംരക്ഷിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ബംഗാളിലെ ഓരോ ജില്ലയിലും ദിനം പ്രതിയെന്നോണം സ്ത്രീകൾ അപമാനിക്കപെടില്ലായിരുന്നു…ഇനി ഉണ്ടായാൽ തന്നെ ഇന്നത്തേത് പോലെ പുരുഷന്മാർ സഹിച് നിൽക്കില്ലായിരുന്നു. ബംഗാളിലെ പുരുഷന്മാരുടെയുള്ളിൽ ആത്മാഭിമാനം ഉണർന്നാൽ ഗുരു തേജ് ബഹദൂറിനെ പോലെ അവർ ജീവിതം തന്നെ ഉഴിഞ് വച് കർമഭൂമിയിൽ എത്തിയേനെ”
എത്ര ശക്തവും ആത്മാഭിമാനവും പൗരുഷവും ഉണർത്തുന്ന വാക്കുകൾ. അവിടെയും നേതാജി ആത്മാഭിമാനം ഉണർത്താൻ മാതൃകയായി കാണിച്ചത് ഗുരു തേജ് ബഹദൂറിനെയാണ്. സനാതന സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായ ഗുരുവിനെയാണ് അവിടെ നേതാജി ഉയർത്തി കാണിച്ചത്. വൈദേശിക മാതൃകയെ അല്ല. സ്ത്രീകളുടെ പ്രധാന്യത്തെയും പുരോഗതിയെയും പറ്റി അദ്ദേഹം ജനങ്ങളെ ഓര്മിപ്പിച്ചത് മനു വാക്യമായ “യത്ര നാര്യസ്‌തു പൂജ്യന്തേ” എന്ന് തുടങ്ങുന്ന ശ്ലോകം ഉദ്ധരിച്ചാണ്.
ഹിന്ദു മതം ഭാരതത്തിൽ മാത്രമായി ഒതുക്കുവാൻ ഒട്ടും ആഗ്രഹമില്ലാത്ത വ്യക്തിയായിരുന്നു നേതാജി. ആഫ്രിക്കയിൽ ഹിന്ദു മതം പ്രചരിപ്പിക്കണെമെന്നും അതവരുടെ ജീവിത നിലവാരത്തെ തന്നെ സ്വാധീനിക്കും എന്നദ്ദേഹം കരുതിയിരുന്നു.. അതുവഴി എന്താണ് നേട്ടമെന്ന ചോദ്യത്തിന് അതുവഴി സത്യമാണ് പ്രചരിക്കുന്നതെന്ന ഉത്തരമാണ് നേതാജി നൽകുന്നത്. അതുവഴി അവർ സംസ്കൃതരായിത്തീരും എന്നാണ് നേതാജിയുടെ ക്രാന്ത വീക്ഷണം. ഹിന്ദുത്വം അതുവഴി ശക്തി പ്രാപിക്കുകയും അതിന്റെ സ്വാധീനം ആഫ്രിക്കയിൽ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ ഭാരതം ലോക ശക്തിയായി തീരുമെന്നും നേതാജി വീക്ഷിക്കുന്നു. ഏഷ്യയിൽ ധർമം പ്രചരിപ്പിച്ചത് ഹിന്ദുമതം ആണെന്നും അതെന്ത് കൊണ്ട് ആഫ്രിക്കയിൽ ആയിക്കൂടാ എന്ന ചോദ്യവും നേതാജി ചോദിക്കുന്നു.
INA രൂപീകരണ വേളയിൽ രാമ കൃഷ്ണ മഠങ്ങളിൽ ചെന്ന് ധ്യാന നിരതനായിരിക്കുന്ന നേതാജിയെ കുറിച്ച് എസ് എ അയ്യർ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തുന്നുണ്ട്.
ഹിന്ദുക്കൾക്ക് പൊതുവേ തുലോം കുറവായ വിക്രാന്തത (aggressiveness)ആവോളം ഉണ്ടായിരുന്ന മനുഷ്യനായിരുന്നു നേതാജി. അദേഹത്തിൻ്റെ ഹിന്ദുത്വം അത്തരത്തിൽ ഉള്ളതായിരുന്നു. സ്വാമി വിവേകാനന്ദനെ പോലെ ഹിന്ദു ഈ വിശ്വം കീഴടക്കണം എന്ന് നേതാജിയും ആഗ്രഹിച്ചിരുന്നു.
Discussion about this post