ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് ചരക്കുകപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ ഏഴുപേരെ വിട്ടയച്ചു. അഞ്ചു ഇന്ത്യക്കാർ ഒരു ഫിലിപ്പിനോ, ഒരു എസ്റ്റോണിയൻ എന്നിവരെ വിട്ടയച്ചതായി പോർച്ചുഗീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വൈകുന്നേരത്തോടെ നാവികർ രാജ്യം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
മോചനത്തിൻ്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ എംബസി, ബന്ദർ അബ്ബാസിലെ എംബസിയുമായും ഇന്ത്യൻ കോൺസുലേറ്റുമായും ഇറാൻ അധികൃതരുടെ ഏകോപനത്തിന് നന്ദി അറിയിച്ചു.
ഏപ്രിൽ 13 നാണ് 17 ഇന്ത്യക്കാരടങ്ങുന്ന ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുത്തത്. ഇതിൽ ഒരു വനിതയുൾപ്പെടെ 4 പേർ മലയാളികളാണ്. തൃശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫിനെ ഏപ്രിൽ 18ന് മോചിപ്പിച്ച് നാട്ടിലേക്കയച്ചിരുന്നു. ഇറാനിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ ആൻ ടെസയെ സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തിരുന്നു.
Discussion about this post