തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഡ്രൈവിംഗ് സ്‌കൂള്‍ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങള്‍ വരുത്തുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ടെസ്റ്റില്‍ സഹകരിക്കാന്‍ സംയുക്ത സമരസമിതി തീരുമാനമെടുത്തത്.
ഈ മാസം രണ്ടിനാണ് ഡ്രൈവിംഗ് പരിഷ്‌കരണത്തിനെതിരെ സമരം ആരംഭിച്ചത്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ മന്ത്രി ഇന്നലെ വിശദമായി കേട്ടിരുന്നു. ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന് ഗതാഗതമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് തൊഴിലാളി സംഘടനകളുമായി ഒത്തുതീര്‍പ്പായത്.
ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന നിലയില്‍ തന്നെ ഇന്ന് മുതല്‍ ടെസ്റ്റ് നടക്കും. അതെ സമയം എം80 വാഹനം ഉപയോഗിക്കാന്‍ കഴിയില്ല എന്ന തീരുമാനത്തില്‍ മന്ത്രി ഉറച്ചുനിന്നു. കാറുകളില്‍ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഇല്ല. ചര്‍ച്ചയിലിലെ തീരുമാനങ്ങളില്‍ പൂര്‍ണ സംതൃപ്തരാണെന്ന് സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതികരിച്ചിരുന്നു. ബഹിഷ്‌കരണം കാരണം നടക്കാതെ പോയ ടെസ്റ്റുകള്‍ നടത്തുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
Discussion about this post