കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതി അസഫാക്ക് നേരത്തെ മറ്റൊരു പീഡനക്കേസിൽ പ്രതി. ദൽഹിയിൽ പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇയാളെ 2018ൽ ഗാസിപൂർ പോലീസ് അറസ്റ്റ് ചെയ്ത്തിരുന്നു. ഒരുമാസം തടവിൽ കഴിഞ്ഞശേഷം ഇയാൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയതാണെന്നാണ് കണ്ടെത്തൽ.
മറ്റ് ഏതെങ്കിലും സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും അസ്ഫാഖിന്റെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണെന്നും ആലുവ റൂറൽ എസ് പി അറിയിച്ചു.
അതിനിടെ ആലുവയിൽ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. കേസിലെ മൂന്ന് സാക്ഷികളെ ആലുവ സബ്ജയിലിൽവെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി കേസിലെ പ്രധാന സാക്ഷി താജുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളെ കൂടാതെ അസ്ഫാക്ക് കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടർ, ഇതിലുണ്ടായിരുന്ന യാത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികൾ.

