ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ഗൂഗിൾ ബാർഡിൽ പുതിയ ചില മാറ്റങ്ങൾ അവതരിപ്പിച്ചു.മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബെംഗാളി, കന്നട, ഉറുദു ഉൾപ്പടെ 40 പുതിയ ഭാഷകളിൽ കൂടി ഇനി ബാർഡ് പ്രവർത്തിക്കും. നിലവിൽ 180 രാജ്യങ്ങളിൽ ബാർഡ് സേവനം ലഭിക്കും.
- ബാർഡിന്റെ മറുപടികൾ കേൾക്കാം.
ഈ പുതിയ ഫീച്ചർ വഴി ചോദ്യങ്ങൾക്ക് ബാർഡ് നൽകുന്ന മറുപടികൾ കേൾക്കാനാവും. ഒരു വാക്കിന്റെ ഉച്ചാരണം എന്താണെന്ന് കേൾക്കാനും കവിതയോ, എഴുത്തുകളോ വായിച്ചുകേൾക്കാനുമെല്ലാം ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യുമെന്ന് ഗൂഗിൾ പറയുന്നു. ഇതിനായി ചോദ്യം ടൈപ്പ് ചെയ്ത് ചോദിച്ച ശേഷം മറുപടി ലഭിച്ചു കഴിഞ്ഞാൽ മുകളിലായി കാണുന്ന സൗണ്ട് ബട്ടൻ ക്ലിക്ക് ചെയ്താൽ മതി. 40 ഭാഷകളിൽ ഈ സേവനം ലഭ്യമാകും.
- ബാർഡിന്റെ മറുപടികൾ ക്രമീകരിക്കാം
ഈ ഫീച്ചർ ഉപയോഗിച്ച് ബാർഡിന്റെ മറുപടികൾ ക്രമീകരിക്കാനാവും. ലളിതമായത്, ദൈർഘ്യമേറിയത്, ചെറുത്, പ്രൊഫഷണൽ, കാഷ്വൽ എന്നിങ്ങനെ അഞ്ച് ഓപ്ഷനുകൾ ഇതിലുണ്ടാവും. ഈ ഓപ്ഷനുകൾക്കായി ഡ്രോപ്പ്ഡൗൺ മെനു ഉണ്ടാവും. ഇംഗ്ലീഷ് ഭാഷയിലാണ് ഈ ഓപ്ഷൻ ആദ്യം ലഭിക്കുക എന്ന് കമ്പനി വിശദീകരിച്ചു.
- ആശയവിനിമയങ്ങൾ പിൻ ചെയ്യാനും പേരുമാറ്റാനുമുള്ള സൗകര്യം
മുമ്പ് ചോദിച്ച ചോദ്യങ്ങളുടെ കോൺവർസേഷനുകൾ പിന്നീട് വന്ന് പരിശോധിക്കാനും മറ്റുമായി അവ പിൻ ചെയ്ത് വെക്കാനും പേര് മാറ്റാനും സാധിക്കും. ചാറ്റ് ആരംഭിച്ചുകഴിഞ്ഞാൽ പിൻ ചെയ്യാനും റീനെയിം ചെയ്യാനുമുള്ള ഓപ്ഷനുണ്ടാവും. 40 ഭാഷകളിൽ ഈ സൗകര്യം ലഭിക്കും
- ചിത്രങ്ങൾ ഉപയോഗിച്ച് നിർദേശങ്ങൾ നൽകാം
നിങ്ങൾക്കിനി ചിത്രങ്ങൾ ഉപയോഗിച്ചും ബാർഡിന് നിർദേശങ്ങൾ നൽകാം. ഗൂഗിൾ ലെൻസ് സംവിധാനം ഈ ചിത്രത്തെ പരിശോധിക്കാൻ ബാർഡിനെ സഹായിക്കും. ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ ബാർഡ് നൽകും. ഇംഗ്ലീഷ് ഭാഷയിലാണ് ഇത് ലഭിക്കുക.
- ബാർഡിന്റെ മറുപടികൾ പങ്കുവെക്കാം
ബാർഡ് നൽകുന്ന മറുപടികൾ ലിങ്കുകളായി മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കാം. 40 ഭാഷകളിൽ ഈ സൗകര്യം ലഭിക്കും.

