ഭുവനേശ്വർ: ഒഡീഷയിലുണ്ടായ രാജ്യത്തെ നടുക്കിയ ട്രെയിനപകടത്തിൽ മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സൂപ്രണ്ട് ദിലീപ് കുമാർ പരിദ. ഡല്‍ഹി സിഎഫ്എസ്എല്ലില്‍ നിന്നും അവസാന ഡിഎന്‍എ സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്നും എയിംസ് അറിയിച്ചു. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തീരുമാനമെടുക്കും.
ജൂണ്‍ രണ്ടിന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 295 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സിഗ്നലിൽ ഉണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സ്റ്റേഷനിലെ നോർത്ത് സിഗ്നൽ ഗൂംടിയിൽ നേരത്തെ നടത്തിയ സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ പിഴവും സ്റ്റേഷനിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 94 ൽ ഇലക്‌ട്രിക് ലിഫ്റ്റിങ് ബാരിയർ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികൾ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിൻ ഇടിച്ചു കയറാൻ കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
ഷാലിമറില്‍ നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത- ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് ആദ്യം ഗുഡ്‌സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിച്ചത്.

