തൃശ്ശൂര്‍: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം സമ്മാനിച്ച് ആരോഗ്യ സര്‍വകലാശാല. തൃശ്ശൂരില്‍ നടന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും മാതാപിതാക്കൾ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ചേര്‍ത്തുപിടിച്ച് ഗവർണർ ആശ്വസിപ്പിച്ചു. എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10നു പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്.
അതേസമയം വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്‍. പരമാവധി തെളിവുകൾ ശേഖരിച്ച് ദിവസങ്ങൾ നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്.

