ന്യൂഡൽഹി∙ ഹരിയാനയിലെ നൂഹിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ പ്രതിഷേധിച്ച് വിഎഛ് പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പലയിടത്തും വൻ റാലികൾ . ഡൽഹി അതിർത്തിയായ ബദർപുർ, ഉത്തംനഗർ , ബ്രഹ്മപുരി എന്നിവിടങ്ങളിൽ നടന്ന വൻ റാലിയെ വിശ്വഹിന്ദു പരിഷത് ദേശീയ നേതാക്കൾ അഭിസംബോധന ചെയ്തു. ബജ്‌രംഗ്‌ദൾ പ്രവർത്തകർ പലയിടത്തും റോഡുകൾ ഉപരോധിച്ചു. ഹനുമാൻ ചാലിസ ചൊല്ലിയെത്തിയ പ്രവർത്തകർ നിർമാൺ വിഹാർ മെട്രോ സ്റ്റേഷൻ പരിസരത്ത് എത്തുകയും തുടർന്ന് വികാസ് മാർഗ് ഉപരോധിക്കുകയും ചെയ്തു. പലയിടത്തും ഗതാഗതം മുടങ്ങി
അതെ സമയം ഡൽഹിയുടെ സമീപത്തേക്കും പ്രതിഷേധം വ്യാപിക്കുന്നതിനിടെ സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും സിസിടിവികൾ സ്ഥാപിക്കാനും കോടതി നിർദേശിച്ചു. ഹരിയാനയിൽ ക്രമസമാധാനം ഉറപ്പുവരുത്തണം. മതസ്പർധ വളർത്തുന്ന പ്രസംഗങ്ങൾ പാടില്ല. അക്രമവും നാശനഷ്ടവും ഉണ്ടാകാൻ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി .

