വൈദ്യശാസ്ത്രരംഗത്ത് ഇന്ത്യയുടെ നിർണായക ചുവടുവയ്പാണ് കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയത്തിന്റെ ‘കഞ്ചാവ് ഗവേഷണ പദ്ധതി’. ഔഷധനിർമാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായാണ് ജമ്മുവിൽ രാജ്യത്ത് ആദ്യമായി സർക്കാർ മേൽനോട്ടത്തിൽ കഞ്ചാവുതോട്ടം ഒരുങ്ങുന്നത്. ജമ്മുവിലെ ഛത്തയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ (ഐഐഐഎം) ഉടമസ്ഥതയിലുള്ള ഒരേക്കർ സംരക്ഷിത മേഖലയിലാണ് കഞ്ചാവ് കൃഷി നടക്കുക. കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്‌കാനുമായി സഹകരിച്ചാണ് പദ്ധതി.
ദുരുപയോഗം ചെയ്യപ്പെടുന്ന പദാര്‍ഥത്തില്‍ മനുഷ്യന് ഗുണമുണ്ടാക്കുന്ന മരുന്ന് നിര്‍മിക്കുന്നത് സാധ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം ശാസ്ത്ര- സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു. 2020 ഫെബ്രുവരിയിൽ ഇതിന്റെ കരാർ ഒപ്പിട്ടത്. പിന്നാലെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചിരുന്നു. രണ്ടു വർഷത്തിലേറെ നടത്തിയ പരിശ്രമത്തിനു ശേഷം പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു. പ്രമേഹം, അർബുദം, നാഡീരോഗം തുടങ്ങിയവയ്ക്ക് കയറ്റുമതി ഗുണനിലവാരമുള്ള വേദനസംഹാരികൾ എന്നിവക്ക് വേണ്ടിയാണു ഇവിടെ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുക.
നിലവിൽ ഔഷധനിർമാണത്തിനു വേണ്ടി മാത്രമാണെങ്കിലും കഞ്ചാവിന്റെ ഉപയോഗം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം നൽകുമെന്നാണ് വിലയിരുത്തൽ. മരുന്നു കമ്പനികൾ സ്ഥാപിച്ചാൽ വിദേശ നിക്ഷേപങ്ങൾ കൂടും. കഞ്ചാവ് ഉപയോഗിച്ചു നിർമിച്ച മരുന്നിനു പേറ്റന്റ് ലഭിച്ചാൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി അതു മാറും. ഇക്കാര്യം കനേഡിയൻ കമ്പനിയുമായുള്ള കരാർ ഒപ്പിട്ടശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

