ലക്‌നൗ: ഗ്യാന്‍വാപി പള്ളിയില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി. പരിശോധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വാരണാസി കോടതി വിധി അംഗീകരിച്ചാണ് അലഹബാദ് ഹൈക്കോടതി ശാസ്ത്രീയ സര്‍വെയ്ക്ക് അനുമതി നല്‍കിയിരിക്കന്നത്. മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ചതിനെ തുടർന്നാണ് കോടതി ഉത്തരവ്.
മസ്ജിദില്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ലാ കോടതിയാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് നിര്‍ദേശിച്ചത്. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. സര്‍വെ നടത്തുന്നത് മസ്ജിദിന് കേടുപാടുകളുണ്ടാക്കും എന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ഹർജിയിൽ ശാസ്ത്രീയ പരിശോധനയുടെ ആവശ്യകത വ്യക്തമാക്കി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.
അതിനിടെ ഹിന്ദു ആരാധനാമൂര്‍ത്തി അന്യമതസ്ഥര്‍ നശിപ്പിക്കുന്നത് തടയുന്നതിന് ഗ്യാന്‍വാപി മസ്ജിദ് മുദ്രവച്ച് പൂട്ടണം എന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം അലഹബാദ് ഹൈക്കോടതിയിലും, വാരണാസി ജില്ലാ കോടതിയിലും പുതിയ ഹര്‍ജി ഫയല്‍ ചെയ്തു.

