” ഞാനീ ഉത്സവം ചിലയിടങ്ങളിൽ അതീവ പ്രാധാന്യത്തോടെ തന്നെ ആഘോഷിക്കുന്നത് കണ്ടിരുന്നു.. ജനങ്ങളിൽ നല്ലൊരു ശതമാനം വളരെ ആവേശപൂർവം ഞാൻ കണ്ടയിടങ്ങളിൽ ഈ ഉത്സവം ആചരിക്കുന്നുണ്ട്..”
1892ൽ ഗ്വാളിയോർ സഞ്ചരിക്കാനിടയായ കൃഷ്ണാജിപന്ത് ഖാസ്കിവാലേ ഗ്വാളിയോറിൽ താൻ കാണാൻ ഇടയായ ഒരു ഉത്സവത്തിൻ്റെ ഹ്രസ്വ വിവരണം തൻ്റെ സുഹൃത്തുക്കളായ ഭാവുസാഹെബ് രാംഗാരിയോടും ബാലാസാഹെബ് നാഥ്നോടും നൽകുകയായിരുന്നു.
സ്വയം സ്വാതന്ത്ര്യ സമരത്തിൽ ഒക്കെ പങ്കെടുത്തിരുന്ന രാംഗാരി ഈ ആഘോഷങ്ങളിൽ ഒളിഞ്ഞിരുന്ന ഒരു സാധ്യത കണ്ടെത്തി.ജനങ്ങളെ ഒന്നിപ്പിക്കാനുള്ള എന്തോ ഒന്ന്..സ്വന്തമായി തൻ്റെ ഭവനത്തിൽ തന്നെ ഒരു ഗണേശ വിഗ്രഹം ഒരുക്കിയാണ് അദേഹം തൻ്റെ പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കുവാൻ തീരുമാനിച്ചത്.ശാന്ത സ്വരൂപനും ക്ഷിപ്രസാദിയുമായ പതിവ് ഗണേശ വിഗ്രഹത്തിനു പകരം അസുരനിഗ്രഹം നടത്തുന്ന ഉഗ്രരൂപം പൂണ്ട് നിന്ന ഗണപതിയെയാണ് അദേഹം വീട്ടിൽ പ്രതിഷ്ഠിച്ചത്. അസുരനെ ബ്രിട്ടണായിട്ടും ഗണേശനെ ബ്രിട്ടന് എതിരെ പൊരുതുന്ന ഭാരതവുമായിട്ടാണ് അദേഹം പ്രതീകവത്കരിച്ചത്.
വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടിയ ഈ നീക്കം അന്ന് ലോകമാന്യ തിലകൻ്റെ ശ്രദ്ധയിൽ പെട്ടു.1893 സെപ്റ്റംബർ 26ന് രാംഗാരിയെ പ്രകീർത്തിച്ചുക്കൊണ്ട് കേസരിയിൽ ഒരു ലേഖനമെഴുതുക മാത്രമല്ല,കേസരി അച്ചടിക്കുന്ന അച്ചടിശാലയിലും ഒരു ഗണേശ വിഗ്രഹം സ്ഥാപിച്ച് അദേഹം രാംഗാരി തുടങ്ങിവച്ച ഈ നീക്കത്തെ വിപുലമാക്കാൻ നിശ്ചയിച്ചു. ഗണേശനെ ഒരു നാഷണൽ icon ആയി ഉയർത്തുന്നത് സ്വാതന്ത്ര്യ സമരത്തിന് മാത്രമല്ല,ജാതീയത മറന്ന് ഹിന്ദുക്കളെ ഒരു വേദിക്ക് മുന്നിൽ ഒന്നിപ്പിക്കാമെന്നും അദേഹം കണക്ക് കൂട്ടി.
“എല്ലാവരുടെയും ദേവൻ ” എന്നാണ് ലോകമ്യാന്യ തിലകൻ ഗണപതിയെ വിശേഷിപ്പിച്ചത്..പൊതുവിടങ്ങളിൽ വലിയ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിച്ച് ഗണേശോത്സവം ഇന്ന് കാണുന്നത്രയും ജനകീയമാക്കി മാറ്റിയത് തിലകൻ്റെ ബുദ്ധിവൈഭവും ദീർഘ വീക്ഷണവുമാണ്. “എല്ലാ ജാതി വിഭാഗങ്ങളെയും ഈ ആഘോഷം ഒന്നിപ്പിക്കും ” എന്ന ലോകമാന്യ തിലകൻ്റെ നിരീക്ഷണം ശരിയായിരുന്നു. ഭാരതാംബയ്ക്ക് വേണ്ടി ഗണേശനിൽ നിന്ന് തന്നെ ഹരി ശ്രീ കുറിച്ച് കൊണ്ട് ഭാരതീയർ പോരാടി തുടങ്ങി. ലാൽ – ബാൽ – പാൽ സഖ്യം ഉത്സവതെ വൻ ആഘോഷമാക്കി. ഗണേശോത്സവത്തിന് സമാനമായി ബിപിൻ ചന്ദ്ര പാൽ ബംഗാളിൽ കാളി മഹോത്സവം ആരംഭിച്ചു തുടങ്ങി. മഹാരാഷ്ട്രയിൽ തന്നെ ശിവാജി മഹോത്സവവും തിലകൻ സംഘടിപ്പിച്ച് തുടങ്ങി. ഹരിശ്രീ ആരംഭിച്ചത് ഗണേശൻ്റെ മുന്നിൽ ആണലോ,മൂന്ന് ഉത്സവങ്ങളും ഇന്നും വമ്പിച്ച രീതിയിൽ തന്നെ ആഘോഷിക്കപ്പെടുന്നുണ്ട്.
പിൽക്കാലത്ത് ഇതേ ഉത്സവം നേതാജിയുടെ INA വമ്പിച്ച രീതിയിൽ ഒക്കെ ആഘോഷിച്ചിരുന്നതും ചരിത്രം.
ഗണേശോത്സവ വേദികൾ ക്രമേണ സ്വാതന്ത്ര്യ സമരസേനാനികളുടെ ഒത്തുകൂടലിനുള്ള വേദികളായി പതിയെ പരിണമിക്കപെട്ടു തുടങ്ങി.ഭജനകളും,ഗാനങ്ങളും സ്തുതിഗീതങ്ങളും നൃത്തങ്ങളും ഒക്കെയായി ഓരോ വർഷവും വിനായക ചതുർത്ഥി വലിയ രീതിയിൽ ഭാരതമുടനീളം ആഘോഷിക്കപ്പെടാൻ തുടങ്ങി.സ്വാഭാവികമായും ഇത്തരം ജനപങ്കാളിത്തം ചെറു കൂട്ടങ്ങളെ സൃഷ്ടിച്ചു.അവ സമാനമായ കൂട്ടങ്ങളെ കണ്ടെത്തി വലിയൊരു കൂട്ടമായി..പിന്നെ അവ വലിയ വലിയ കൂട്ടങ്ങളായി രൂപാന്തരപ്പെട്ടു വന്നു. ഇങ്ങനെ രൂപപ്പെട്ട ഇത്തരം കൂട്ടങ്ങളാണ് സ്വാതന്ത്ര്യത്തിനായി സമര മുഖത്തേക്ക് ഇറങ്ങിയ സാധാരണ ജനങ്ങളായി അന്നും പിൽക്കാലത്തുമൊക്കെ പരുവപ്പെട്ടത്.
ഗ്വാളിയോറിൽ കൃഷ്ണാജി കണ്ട ഗണേശോത്സവം അവിടെ നിന്നും നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ ആചരിച്ചു പോന്നുവന്നതായിരുന്നു. ഛത്രപതി ശിവാജി മഹാരാജൻ്റെ വന്ദ്യ മാതാവ് ജീജാഭായുടെ ഇഷ്ടദേവനായിരുന്നു ഗണപതി. അന്നും ജനങ്ങളെ ഏകികരിച്ച് സാംസ്കാരിക ബോധം വളർത്തുക എന്ന ഉദേശത്തിലാണ് ഛത്രപതി ശിവജിയും ഗണേശോത്സവം സംഘടിപ്പിച്ചിരുന്നത്. വിജയകരമായി മുന്നേറിയ ഗണേശോത്സവങ്ങൾ അവിടെ നിന്നും പേഷ്വകളും പിൽക്കാലത്ത് ലോകമാന്യ തിലകനും നേതൃത്വം ഏറ്റ് എടുത്ത് നടത്തി.
ഛത്രപതി ശിവജിയും ലോകമാന്യ തിലകനും രണ്ട് കാലഘട്ടങ്ങളിലെ ചരിത്ര പുരുഷന്മാരാണെങ്കിലും ഇരുവരും സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് പൊരുതിയത്.അതിന് അംഗം കുറിക്കാൻ കച്ച കെട്ടുന്നതിന് മുന്നേ ഇരുവരും ആശ്രയിച്ചത് ഗണപതിയെയും.കാരണം,ഗണപതി വിഘ്നമകറ്റുന്ന ദേവനാണ്, ശുഭകാര്യങ്ങൾക്ക് മുന്നേ ഹരിശ്രീ കുറിക്കുവാൻ ആശ്രയിക്കുന്ന ദേവൻ.എന്തെന്നാൽ വിശ്വസിച്ചാശ്രയിച്ചാൽ,സാക്ഷാൽ പരശുരാമൻ പോരിന് വന്നൽപ്പോലും,ഒറ്റ കൊമ്പ് പകുതി കൊടുക്കേണ്ടി വന്നാലും നിങ്ങളെ കൈ വിടാത്ത ദേവൻ.
Discussion about this post