ന്യൂഡൽഹി: മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
മോഷ്ടാക്കൾക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടെന്ന പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിലെ കോടതി വിധിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ഇതോടെ രാഹുലിന്റെ ലോക്സഭാംഗത്വം തിരിച്ചു കിട്ടും . ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി.
അതെ സമയം കേസിന്റെ വസ്തുതകളിലേക്കുകോടതി കടന്നില്ല. കേസിൽ രാഹുലിനു പരാമാവധി ശിക്ഷ നൽകാൻ വിചാരണക്കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി വിധി. ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേശ് മോദിയാണ് പരാതിക്കാരൻ. രാഹുലിന് വേണ്ടി അഭിഷേക് മനു സിങ്‍വിയും, പരാതിക്കാരന് വേണ്ടി മഹേഷ് ജഠ്മലാനിയും ഹാജരായി. സുപ്രീം കോടതയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ കേസിൽ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
സൂറത്ത് കോടതി വിധിയെ തുടർന്ന് രാഹുലിന് ലോക്സഭാംഗത്വം നഷ്ടമായിരുന്നു. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളുകയും ചെയ്തതോടെ രാഹുൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു

