ബെംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 നിര്‍ണായക ഘട്ടം. പേടകം രാത്രി 7 മണിക്ക് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള യാത്രയുടെ മൂന്നിൽ രണ്ട് ഭാഗവും ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കിയതായി ഐ എസ് ആർ ഓ അറിയിച്ചു. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
ട്രാന്‍സ് ലൂണാര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയ ചന്ദ്രയാന്‍ 3 ലൂണാര്‍ ട്രാന്‍ഫര്‍ ട്രജക്ടറിയിലൂടെയാണ് നിലവില്‍ യാത്ര ചെയ്യുന്നത്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്.
ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തും. അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുന്നത്. വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയര്‍ത്തിയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്.
ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടും. ഓഗസ്റ്റ് 17-നാണ് ഈ പ്രക്രിയ നടക്കുക. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക മാത്രമല്ല, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക കൂടിയാണ് ചന്ദ്രയാൻ-3 ന്റെ ദൗത്യം. വിജയിച്ചാൽ, ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറും.

