പത്തനംതിട്ട: പ്രസവിച്ച് കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ അനുഷ വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തൽ. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു. നഴ്സിന്റെ വേഷം ധരിച്ചെത്തിയാണ് സ്ത്രീ ഇഞ്ചക്ഷൻ നൽകിയത്.
ഇന്നലെയാണ് പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിൽ പ്രസവം കഴിഞ്ഞ കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെയെ കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂർ വെട്ടത്തേരിൽ കിഴക്കേതിൽ അനുഷ നഴ്സിന്റെ വേഷത്തിലെത്തി കൊല്ലാൻ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിന്റെ സുഹൃത്താണ് അനുഷ. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാനാണ് യുവതി വധശ്രമത്തിന് ശ്രമിച്ചതെന്നാണ് പ്രഥമിക നിഗമനം.
രക്തക്കുഴലുകളുടെ അമിതവികാസത്തിലൂടെ സംഭവിക്കുന്ന അവസ്ഥയായ എയർ എംബോളിസം അഥവാ ഗ്യാസ് എംബോളിസത്തിലൂടെ സ്‌നേഹയെ കൊല്ലാനാണ് അനുഷ ശ്രമിച്ചത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടാനായിരുന്നു അനുഷയുടെ ശ്രമം. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കൊലപ്പെടുത്താനുള്ള അനുഷയുടെ നീക്കം പൊളിഞ്ഞത്. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

