ഇസ്ലാമാബാദ്: തോഷാഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മൂന്ന് വർഷം തടവ് വിധിച്ച് കോടതി. വിധിയ്ക്ക് പിന്നാലെ ഇമ്രാൻ ഖാനെ സമൻ പാർക്കിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ 3 വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു. അഞ്ച് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
വാദം കേൾക്കാനായി ഇമ്രാൻ ഖാൻ കോടതിയിലെത്തിയിരുന്നില്ല.പാകിസ്ഥാൻ പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി വിറ്റെന്നാണ് കേസ്.പ്രധാനമന്ത്രിയായിരിക്കെ ലഭിക്കുന്ന സമ്മാനങ്ങൾ സർക്കാരിന്റെ തോഷാഖാന വകുപ്പിലേക്ക് കൈമാറണമെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ട് വിറ്റ് പണമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു തോഷഖാന കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് ഇസ്ലാമാബാദ് വിചാരണ കോടതി കണ്ടെത്തിയത്. ഇന്ന് കേസ് പരിഗണിച്ചത് അഡീഷണൽ ഡിസ്ട്രിക്റ്റ് സെഷൻ ജഡ്ജ് ഹുമയൂൺ ദിൽവാറായിരുന്നു. പാക് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യാജ രേഖകളാണ് ഇമ്രാൻ സമർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

