തിരുവനന്തപുരം: പൊതുസിവിൽക്കോഡിനെതിരെ പ്രമേയം പാസാക്കി ഭരണ-പ്രതിപക്ഷങ്ങൾ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിന്റെ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുകയാണ് എൽഡിഎഫും യുഡിഎഫും ചെയ്യുന്നത്. പാർലമെന്റ് ചർച്ച പോലും ചെയ്യാത്ത പൊതുസിവിൽകോഡിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കാശ്മീരിലെ 370ാം വകുപ്പ് എടുത്ത് കളഞ്ഞതിനെതിരെയും നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ വേണ്ടി നിയമസഭയെ ഉപയോഗിക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ കരട് ബില്ല് പോലും വരാത്ത ഒരു നിയമത്തിനെതിരെ സംസ്ഥാനത്തിന്റെ നിയമനിർമ്മാണ സഭയുടെ വിലപ്പെട്ട സമയം വെറുതെ നഷ്ടപ്പെടുത്തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

