യു എസ് (ഓസ്റ്റിൻ) ; ടെസ്ലയുടെ പുതിയ സിഎഫ്ഒ പദവിയിലേക്ക് ഇന്ത്യൻ വംശജൻ വൈഭവ് തനേജ. നിലവില്‍ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന വൈഭവ് തനേജ അധിക ചുമതലയായി സിഎഫ്ഒ സ്ഥാനവും ഏറ്റെടുക്കും. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുടെ മേൽനോട്ടത്തിനും വിശകലനത്തിനും ഇതോടു കൂടി കൂടുതൽ അധികാരം തനേജക്ക് ലഭിക്കും. ചീഫ് ഫിനാൻഷ്യൽ ഓഫിസറായി സേവനമനുഷ്ടിച്ചിരുന്ന സഖറി കേർഖോൺ 4 വർഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തനേജയെ നിയമിക്കുന്നത്.
2021 ജനുവരിയില്‍, ടെസ്ലയുടെ ഇന്ത്യന്‍ വിഭാഗമായ ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറായും വൈഭവ് തനേജയെ നിയമിച്ചു. വൈഭവിന് അക്കൗണ്ടിംഗില്‍ 20 വര്‍ഷത്തിലേറെ പരിചയമുണ്ട്. എലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള കമ്പനി പുതിയ മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ സുഗമമായ മാറ്റം ഉറപ്പാക്കാന്‍ കിര്‍ഖോണ്‍ വര്‍ഷാവസാനം വരെ തന്റെ സ്ഥാനത്ത് തുടരുമെന്നാണ് കരുതുന്നത്.

