വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലൂടെയും മികച്ച നിരവധി സവിശേഷതകൾ അവതരിപ്പിക്കുന്നുണ്ട്. ഇനി ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിൽ വരാൻ പോകുന്നത് ആകർഷകമായൊരു ഫീച്ചറാണ്. വോയിസ് ചാറ്റ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്നത്. ഈ ഫീച്ചർ ഇതിനകം തന്നെ വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ വന്നിട്ടുണ്ട്. 32 ആളുകൾ വരെയുള്ള ഗ്രൂപ്പുകളിൽ ആക്ടീവായി വോയിസിലൂടെ സംസാരിക്കാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് ഇത്. വൈബെറ്റഇൻഫോയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്.
ടെലിഗ്രാം, ഡിസ്‌കോർഡ്, സ്ലാക്കിന്റെ ഹഡിൽസ്, മെറ്റയുടെ തന്നെ മെസഞ്ചർ പോലുള്ള പ്ലാറ്റ്‌ഫോമുകളിലുള്ള ഫീച്ചറുകൾ ലഭ്യമാക്കുന്നതാണ് വാട്സ്ആപ്പിന്റെ 2.23.16.19 വേർഷൻ ബീറ്റ പതിപ്പ്. ആൻഡ്രോയിഡിനുള്ള ബീറ്റ അപ്ഡേറ്റിലാണ് കമ്പനി ഈ ഫീച്ചർ നൽകുന്നത്. നിങ്ങൾ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ ഫീച്ചർ ലഭ്യമാകും. ഗ്രൂപ്പ് ചാറ്റുകൾക്കുള്ളിൽ കാണുന്ന വേവ്ഫോം ഐക്കണിലൂടെ ഈ ഫീച്ചർ ലഭ്യമായോ എന്ന കാര്യം തിരിച്ചറിയാൻ സാധിക്കും.
വാട്സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിലേക്ക് ആക്‌സസ് ലഭിച്ച ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റുകൾക്കുള്ളിൽ വേവ്ഫോം ഐക്കൺ കാണാം. ഗ്രൂപ്പിലുള്ള മറ്റുള്ളവർക്കും ഈ ഫീച്ചർ ലഭ്യമാണ് എങ്കിൽ മാത്രമേ നിങ്ങൾക്ക് ഗ്രൂപ്പിൽ ഐക്കൺ കാണാൻ സാധിക്കുകയുള്ളു. വോയിസ് ചാറ്റ് ആരംഭിക്കാനായി നിങ്ങൾക്ക് വേവ്‌ഫോം ഐക്കൺ ടാപ്പ് ചെയ്യാവുന്നതാണ്. ഇതിലൂടെ പ്രത്യേകം വോയിസ് ചാറ്റ് ഇന്റർഫേസിലേക്ക് ആക്സസ് ലഭിക്കും. ഗ്രൂപ്പിലെ ആർക്കും, പരമാവധി 32 ആളുകൾക്ക് വരെ, തടസ്സമില്ലാതെ വോയിസിലൂടെ സംസാരിക്കാൻ സാധിക്കും.
സാധാരണ ഗ്രൂപ്പ് കോളുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ വോയിസ് ചാറ്റ് ഫീച്ചർ ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണുകൾ ഒരേസമയം റിങ് ചെയ്യില്ല എന്നതാണ്. എല്ലാ ആളുകളും ലെഫ്റ്റ് ആയാലും വോയ്‌സ് ചാറ്റ് സെഷൻ ആക്ടീവ് ആയി നിലനിൽക്കുമെങ്കിലും ഒരു മണിക്കൂറിന് ശേഷം ഇത് ഓട്ടോമാറ്റിക്കായി തന്നെ അവസാനിക്കും. ആപ്പിനുള്ളിലെ വോയിസ് ചാറ്റുകൾ ഡിഫോൾട്ടായി എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡാണ്. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വാട്സ്ആപ്പ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നുണ്ട്.

