ഡൽഹി : സഹാറ ഗ്രൂപ്പിന്റെ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയവരുടെ പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചു. സഹാറയുടെ നാല് സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയവരുടെ കോടിക്കണക്കിന് രൂപയാണ് തിരികെ നല്കുന്നത്. 112 ചെറുകിട നിക്ഷേപകരുടെ പണം കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷാ തിരികെ നൽകി .
ജൂലൈ 18 ന് ആരംഭിച്ച ‘സിആർസിഎസ്-സഹാറ റീഫണ്ട് പോർട്ടലിൽ’ ഇതുവരെ 18 ലക്ഷം നിക്ഷേപകർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അമിത്ഷാ വ്യക്തമാക്കി. ഇതുവരെ 18 ലക്ഷം നിക്ഷേപകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തതായും, ഏകദേശം 10,000 രൂപ വീതം 112 നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് പൂർത്തിയായതിനാൽ അടുത്ത ഗഡു ഫണ്ട് ഉടൻ കൈമാറുമെന്നും അമിത് ഷാ നിക്ഷേപകർക്ക് ഉറപ്പ് നൽകി .
“വരും ദിവസങ്ങളിൽ എല്ലാ നിക്ഷേപകർക്കും , അവരുടെ പൂർണ്ണമായ നിക്ഷേപ തുക തിരികെ നൽകാൻ സാധിക്കുമെന്ന ആത്മ വിശ്വാസം തനിക്കുണ്ടെന്നും , തുക ഉടൻ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതെ സമയം , സഹകരണ മേഖലയോടുള്ള വിശ്വാസത്തെ തകർക്കുന്ന ഇത്തരം സംഭവങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. എന്നിരുന്നാലും, നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും അവർക്ക് തിരികെ നൽകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
മാനേജ്‌മെന്റിന്റെ പിഴവും കോടതി വ്യവഹാരങ്ങളിലെ കാലതാമസവും കാരണം സഹാറ നിക്ഷേപകർക്ക് കഴിഞ്ഞ 12-15 വർഷമായി പണം തിരികെ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സെബി-സഹാറ ഫണ്ടിൽ നിന്ന് 5,000 കോടി രൂപ നേടിയെടുക്കാൻ സഹകരണ മന്ത്രാലയം നടത്തിയ ശ്രമങ്ങൾ അമിത് ഷാ ചൂണ്ടിക്കാണിച്ചു . വിഷയത്തിൽ സിബിഐ, ആദായനികുതി വകുപ്പും ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളെയും കൊണ്ടുവരാൻ മന്ത്രാലയം മുൻകൈയെടുത്തുവെന്നും സർക്കാരിന് മുമ്പാകെ ഒരു പൊതു അപ്പീൽ നൽകിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post