ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. 1995 മാർച്ച് 22 മുതലാണ് മണ്ണാറശാല ക്ഷേത്രത്തിൽ അമ്മ പൂജ നടത്താൻ തുടങ്ങിയത്. വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്.
കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെയും രുക്‌മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്.
മണ്ണാറശാല നാഗരാജാക്ഷേത്രത്തിലെ പൂജകർമ്മങ്ങൾ നടത്തുന്നത് സ്ത്രീകളാണ്. പൂജാരിണിയായ ഈ അന്തർജനത്തെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുന്നത്. ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിർന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേൽക്കുന്നത്.

