ഡൽഹി: രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തിനെതിരെ ലോക്സഭയിൽ തുറന്നടിച്ച് സ്മൃതി ഇറാനി. മണിപ്പൂരിൽ ഭാരത മാതാവ് കൊല്ലപ്പെട്ടുവെന്നും ബിജെപി രാജ്യദ്രോഹികളാണെന്നുമായിരുന്നു രാഹുലിന്റെ പരാമർശം. മണിപ്പൂർ ഇന്നില്ലെന്നും അത് രണ്ടായി വിഭജിച്ചു പോയെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷത്തെയും രാഹുലിനെയും കടന്നാക്രമിച്ചു കൊണ്ടുള്ള സ്മൃതി ഇറാനിയുടെ പ്രസംഗം.
മണിപ്പൂർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് ഒരിക്കലും തകരുകയില്ലെന്നും സ്മൃതി പറഞ്ഞു . ഭാരതമാതാവ് കൊലചെയ്യപ്പെട്ടു എന്ന് പറയുന്നതിന് ആരും കയ്യടിക്കില്ല, അങ്ങനെ കയ്യടിച്ചവരുടെ ഉള്ളിൽ മുഴുവൻ രാജ്യദ്രോഹമാണെന്ന് സ്മൃതി ഇറാനി വിമർശിച്ചു. ‘ലോക്സഭയിൽ നിന്ന് ഓടിയൊളിച്ചവർ ഇത് കേൾക്കണം. നിങ്ങൾ ഇന്ത്യയല്ല, കാരണം ഇന്ത്യ അഴിമതിയല്ല. ഇന്ത്യ കുടുംബ ഭരണത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നത്. മണിപ്പൂരിൽ ഭാരതം കൊല്ലപ്പെട്ടുവെന്നാണ് രാഹുൽ പറഞ്ഞത്. ഭാരതമാതാവ് കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ കോൺഗ്രസ് കയ്യടിച്ച് അഭിനന്ദിച്ചു. ഇതിന് കോൺഗ്രസിന് രാജ്യം മാപ്പ് നൽകില്ലെന്നും സ്മൃതി കൂട്ടിച്ചേർത്തു.
മണിപ്പൂർ വിഷയത്തിൽ സംവാദത്തിന് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആവർത്തിച്ച് പറഞ്ഞു. പക്ഷെ, അതിന് തയ്യാറാവാഞ്ഞത് പ്രതിപക്ഷമാണ്. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും രാഹുൽ സഭയിൽ നിന്നും പോയികഴിഞ്ഞു. രാഹുൽ രാജസ്ഥാനിലേക്കാണ് പോയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ച സ്ഥലത്തേയ്‌ക്ക്. അവിടെ അദ്ദേഹം നീതി ആവശ്യപ്പെടുന്നില്ലെന്നും സ്മൃതി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്നാണ് രാഹുൽ ഗാന്ധി പഞ്ഞത്. എന്നാൽ ഓടിപ്പോയവർ കേട്ടോളൂ, ആർട്ടിക്കിൾ 370 ഒരിക്കലും പുനഃസ്ഥാപിക്കാനും പോകുന്നില്ല, കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടാനും പോകുന്നില്ല’- സ്മൃതി ഇറാനി തുറന്നടിച്ചു.

