ഭോപ്പാൽ: 82 ശതമാനം ഹിന്ദു ജനസംഖ്യയുള്ള ഇന്ത്യ ഇതിനകം തന്നെ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഇത് പ്രേത്യേകിച്ച് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് ചൊവ്വാഴ്ച വ്യക്തമാക്കി .
ആത്മീയ നേതാവ് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയെ മൂന്ന് ദിവസത്തെ മതപരമായ ചടങ്ങിനായി ചിന്ദ്വാരയിലേക്ക് ക്ഷണിച്ചതിന് തനിക്കെതിരായ വിമർശനത്തിന് മറുപടിയുമായി സംസാരിക്കുകയായിരുന്നു മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്.
ഭോപ്പാലിൽ വച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നാഥ് പറഞ്ഞു. ഹിന്ദു രാഷ്ട്രം എന്ന് പ്രേത്യേകിച്ച് പറയേണ്ട കാര്യം എന്താണ് ?. 82% ഇന്ത്യക്കാർ എന്തായാലും ഹിന്ദുക്കളാണ്. 82% ഹിന്ദുക്കളുള്ളിടത്ത് എന്തിനാണ് ഇത് പ്രേത്യേകിച്ച് പറയേണ്ടത്, കണക്കുകൾ തന്നെ ഇത് വ്യക്തമാക്കുന്നുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ പുതുതായി രൂപീകരിച്ച “ഇന്ത്യ” സഖ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ് പെരുമാറുന്നതെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കമൽനാഥിന്റെ പ്രസ്താവന
എന്തായാലും കോൺഗ്രസിന്റെ സംസ്ഥാനത്തിലെ ഏറ്റവും ശക്തനായ നേതാവിന്റെ നാവിൽ നിന്നും വന്ന ഈ വാക്കുകൾ കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വയെയും ഹിന്ദു ജനതയെയും അവഗണിച്ചു കൊണ്ട് ഇനി ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന് വ്യക്തമാക്കുന്നതാണ് കമൽ നാഥിന്റെ ഈ വാക്കുകൾ

