ഇലക്ട്രിക് ടൂവീലര്‍ രംഗത്ത് ഓരോ ദിവസവും മത്സരം കടുപ്പമേറുന്ന കാഴ്ചയാണ്. പുതിയ കമ്പനികളും ഇതിനോടകം കളംവാഴുന്നവരും പുത്തന്‍ മോഡലുകള്‍ കൊണ്ടുവന്ന് ഉപഭോക്താക്കളുടെ ഇഷ്ടം നേടാന്‍ ശ്രമിക്കുന്നു. വിപണിയില്‍ കാലികമായി പിടിച്ചുനില്‍ക്കാന്‍ പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ നിലവിലെ മോഡലുകള്‍ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടത് അത്യാവശ്യമാണ്.
അത്തരമൊരു നീക്കം നടത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ കൊമാകി ഇപ്പോള്‍. കമ്പനി തങ്ങളുടെ വെനീസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നവീകരിച്ച പതിപ്പ് 1,67,500 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ വിപണിയില്‍ എത്തിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിന്റെ സേഫ്റ്റി കൂട്ടിയതാണ് പരിഷ്‌കാരങ്ങളില്‍ ഒന്ന്.
വേര്‍പെടുത്താവുന്ന LiFePO4 ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് ബാറ്ററികള്‍ ഇപ്പോള്‍ തീയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ബാറ്ററി സെല്ലുകളില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ് അങ്ങേയറ്റത്തെ ദുര്‍ഘടമായ സന്ദര്‍ഭങ്ങളില്‍ പോലും അഗ്‌നിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതത്വം നല്‍കുമെന്നാണ് കൊമാകി പറയുന്നത്. ചാര്‍ജിംഗ് സമയം നോക്കിയാല്‍ അഞ്ച് മണിക്കൂറിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററികള്‍ മുഴുവനായി ചാര്‍ജ് ചെയ്യാം.
പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ക്ക് വെറും നാല് മണിക്കൂറിനുള്ളില്‍ 0 മുതല്‍ 90 ശതമാനം വരെ ചാര്‍ജ് ചെയ്യാനുള്ള ശേഷിയുണ്ട്. ഓണ്‍ ബോര്‍ഡ് നാവിഗേഷന്‍, സൗണ്ട് സിസ്റ്റം, ഓണ്‍ റൈഡ് കോളിംഗ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്ന TFT സ്‌ക്രീനും ഇപ്പോള്‍ കൊമാകി വെനീസ് ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.
Discussion about this post