മോസ്‌കോ; 47 വർഷത്തിനുശേഷം ചന്ദ്രനിലേക്ക് പേടകം വിക്ഷേപിച്ച് റഷ്യ. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമാണിത്. യുക്രൈൻ യുദ്ധത്തെ തുടർന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലക്ക് പുത്തനുണർവ് നൽകുന്നതാണ് ദൗത്യം. വെള്ളിയാഴ്ച പുലർച്ചെ 2.30ന് വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നിന്നാണ് ലൂണ–25 കുതിച്ചുയർന്നത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസാണ് ലൂണ–25ന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. റോസ്‌കോസ്‌മോസിനെ അഭിനന്ദിച്ച് ഐഎസ്‌ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടു.
ചന്ദ്രന്‍റെ ദക്ഷിണധ്രുവം ലക്ഷ്യമിടുന്ന ലൂണ 25 അഞ്ച് ദിവസത്തിനകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനായി മൂന്നുമുതല്‍ ഏഴുദിവസംവരെ ചെലവഴിക്കും. ചന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ദൗത്യം. ചരിത്രത്തിലാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങാറുള്ളതെന്നും റോസ്‌കോസ്‌മോസിന്റെ മുതിർന്ന ഉദ്യോഗസ്‌ഥൻ അലക്‌സാണ്ടർ ബ്ളോക്കിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓഗസ്‌റ്റ് 21ഓടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായിയും റോസ്‌കോസ്‌മോസിലെ ശാസ്ത്രജ്ഞർ പറഞ്ഞു.
ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാംപിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. നിലവില്‍ ഇന്ത്യയുടെയും റഷ്യയുടെയും പേടകങ്ങള്‍ ചാന്ദ്രപാതയിലാണ്. ഇവയില്‍ ഏത് രാജ്യത്തിന്റെ പേടകമാണ് ചന്ദ്രനില്‍ ആദ്യമെത്തുക എന്ന കൗതുകത്തിലാണ് ശാസ്ത്രലോകം.

