ആലപ്പുഴ: പുന്നമട കായലില്‍ ഇന്ന് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി അരങ്ങേറും. ഒൻപതു ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ അഞ്ച് മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേണ്‍ എയര്‍ കമാന്‍റിംഗ് ഇന്‍ ചീഫ് എന്നിവരും ജില്ലയിലെ എംപിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. നെഹ്റു പ്രതിമയിലെ പുഷ്പ്പാര്‍ച്ചനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക. രാവിലെ 11 മണി മുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ ഒഴികെയുള്ള ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നടക്കും. നാലോ അതിൽ കുറവോ വള്ളങ്ങൾ മാത്രമുള്ള ചുരുളൻ, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് ബി, തെക്കനോടി തറ, തെക്കനോടി കെട്ട് എന്നീ വിഭാഗങ്ങളിൽ ഫൈനൽ മാത്രമേ ഉണ്ടാവൂ. ഇതിൽ തെക്കനോടി വള്ളങ്ങൾ തുഴയുന്നതു വനിതകളാണ്. 2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടര്‍ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്നത്.
കായലിലെ ട്രാക്കിൽ വെള്ളം കുറവായതിനാൽ ഇന്നലെ തണ്ണീർമുക്കം ബണ്ടിലെ 75 ഷട്ടറുകൾ അടച്ച് ജലനിരപ്പു ക്രമീകരിച്ചിട്ടുണ്ട്. കായലിൽ വിവിധ കലാപ്രകടനങ്ങളും സഘടിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങൾ എല്ലാം സജ്ജമാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിൽനിന്നു കെഎസ്ആർടിസി ആലപ്പുഴയിലേക്കു പ്രത്യേക സർവീസ് നടത്തും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാജന്‍, സജി ചെറിയാന്‍, എം ബി രാജേഷ്, വീണാ ജോര്‍ജ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

