വയനാട് : എം.പി. സ്ഥാനം തിരിച്ചു കിട്ടിയ ശേഷം ആദ്യമായി രാഹുൽഗാന്ധി ഇന്ന് വയനാട്ടിലെത്തും. പുലര്‍ച്ചയോടെ ഡല്‍ഹിയിൽ നിന്ന് കോയമ്പത്തൂര്‍ എത്തുന്ന രാഹുല്‍ അവിടെ നിന്ന് റോഡു മാര്‍ഗമാകും കല്‍പറ്റയിലെത്തുക. നിയമപോരാട്ടത്തിലൂടെ തിരിച്ചെത്തുന്ന എംപിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ വൻ സ്വീകരണമാണൊരുക്കുന്നത്. 13-ന് വയനാട്ടിലും കോടഞ്ചേരിയിലും നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത് 13-ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും.
ആവേശോജ്ജ്വലമായ സ്വീകരണമാണ് വയനാട്ടിൽ പാർട്ടി രാഹുലിനായി ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം വയനാട്ടിലാണ് രാഹുലിന്‍റെ ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ നിർമിച്ചു നൽകിയ 9 വീടുകളുടെ താക്കോൽ ദാനമാണ്. ഞായറാഴ്ച രാവിലെ 11ന് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിൽ എച്ച്ടി കണക്‌ഷൻ ഉദ്ഘാടനവും, 6.30ന് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് സെന്റർ ശിലാസ്ഥാപനവും നിർവഹിക്കും. പ്രചാരണത്തിനായി രാഹുൽ പുതുപ്പള്ളിയിലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

