തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോഗങ്ങളിൽ പങ്കെടുക്കും. ആദ്യ ഘട്ട പ്രചാരണത്തിന് മറ്റ് മന്ത്രിമാർ പങ്കെടുക്കില്ല. 31ന് ശേഷം രണ്ടാം ഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം.
അതേ സമയം, വ്യക്തിഗത വിമർശനങ്ങളിലേക്ക് പോകേണ്ടത്തില്ലെന്നും രാഷ്ട്രീയം മുൻനിർത്തി പ്രചാരണം നടത്തിയാൽ മതിയെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. സർക്കാരിന്റെ വികസനനേട്ടങ്ങൾ പ്രചാരണമാക്കും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്റെ നിർദ്ദേശം.
അതേസമയം, ഞായറാഴ്ച ദിവസം പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിന്റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ സാധ്യമായ എല്ലാ വികസനവും നടപ്പാക്കിയിട്ടുണ്ടെന്നും വികസനവും കരുതലും എന്ന മുദ്രാവാക്യം വെറുതെ ഉയർന്നു വന്നതല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Discussion about this post