ന്യൂദല്‍ഹി: ഓണക്കാലത്തുള്ള മലയാളിയുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയായാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടാഴ്ച മുമ്പാണ് കത്തയച്ചത്. നിലവിൽ ഓണ സീസണ് ആയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ്. ഓണം സീസണ് പ്രവാസികള്‍ ധാരാളമായി കേരളത്തിലേക്കു വരുന്ന സമയമാണെന്നും ആഘോഷങ്ങള്‍ക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കും കനത്ത ആഘാതമാണ് നിരക്ക് വര്‍ധനവെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിരുന്നു.
ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്, അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

