ന്യൂഡൽഹി∙ രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തരുന്നതിന് ജീവത്യാഗം ചെയ്ത മുഴുവൻ പേർക്കും പ്രധാനമന്ത്രി ആദരവ് അർപ്പിച്ചു.
രാജ്യത്തെ 140 കോടി ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.മണിപ്പൂർ വിഷയവും പ്രധാനമന്ത്രി പരാമർശിച്ചു.
“മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പുർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണ്” പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു
ലോകത്ത് ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണെന്നും,യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും, ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ടെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്.

