ഗുവാഹട്ടി: സംസ്ഥാനത്ത് ബഹുഭാര്യാത്വം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിയമം കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.ഗുവാഹത്തിയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ, സർക്കാർ ഉടൻ തന്നെ ശക്തമായ നിയമം കൊണ്ടുവരാൻ തീരുമാനിച്ചുവെന്നും,ഇതിനായി റിട്ടയേർഡ് ജസ്റ്റിസ് റൂമി ഫുകന്റെ അധ്യക്ഷതയിൽ സർക്കാർ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നുവെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
2026-ഓടെ സംസ്ഥാനത്ത് ശൈശവ വിവാഹം അവസാനിപ്പിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
“നേരത്തെ, നമ്മുടെ സർക്കാർ സംസ്ഥാനത്തുടനീളം ശൈശവ വിവാഹത്തിനെതിരെ ഒരു വലിയ ഓപ്പറേഷൻ നടത്തുകയും ഏകദേശം 4000 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെ ഞങ്ങൾ മറ്റൊരു വൻനടപടി ആരംഭിക്കും, ”മുഖ്യമന്ത്രി ശർമ പറഞ്ഞു.
അസമിൽ ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെപ്പറ്റി പഠിക്കാൻ അസം സർക്കാർ നേരത്തെ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് ആറിനാണ് സമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.
ജാതി, മത, മത ഭേദമന്യേ സ്ത്രീ ശാക്തീകരണത്തിന് അനുകൂലമായ ഒരു അന്തരീക്ഷം പരുവപ്പെട്ടുവരികയാണെന്നും ഹിമന്ത ബിശ്വശർമ്മ അഭിപ്രായപ്പെട്ടു.
Discussion about this post