തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് നീക്കം. മാത്യു കുഴല്‍നാടന്‍ മൂന്നാറിലെ 7 കോടി രൂപ വില വരുന്ന ഭൂമിയിൽ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ആണ് പരാതി നല്‍കിയത്. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ഇതിന്റെ പശ്ചാതലത്തിലാണ് വിജിലൻസ് അന്വേഷണത്തിന് സാധ്യത.
നികുതി വെട്ടിപ്പിലൂടെയാണ് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും മാത്യു സ്വന്തമാക്കിയതെന്നാണ് സി.എന്‍ മോഹനന്‍ പരാതിയിൽ പറയുന്നത്. 2021 മാര്‍ച്ച് 18 ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തിൽ 1.2 കോടി രൂപയാണ് കാണിച്ചത്. പിറ്റേന്ന് നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും ഇതുവഴി കുഴല്‍നാടന്‍ വെട്ടിച്ചതായാണ് ആരോപണം.
അതേ സമയം വിഷയത്തിൽ സിപിഐഎം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎൻ മോഹനൻ പറഞ്ഞു. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ മണ്ഡലത്തിൽ നിന്നുള്ളവർ പരാതി കൊടുത്തിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മോഹനൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു..

