തിരുവനന്തപുരം; മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മഞ്ഞ കാർഡുടമകൾക്കു മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്. ഇത് പ്രകാരം 5.84 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും.
സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് വീതമാണ് കിറ്റ് നൽകുക. ഏകദേശം 500 രൂപ വിലവരുന്ന 14 ഇനങ്ങൾ ഉൾപ്പെടുത്തിയാകും ഓണക്കിറ്റ് നൽകുക. കിറ്റ് വിതരണം എന്നുമുതൽ ആരംഭിക്കുമെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ചു ചേർത്ത റേഷൻ വ്യാപാരി പ്രതിനിധികളുടെ യോഗത്തിൽ കിറ്റ് വിതരണവുമായി സഹകരിക്കണമെന്നു മന്ത്രി ജി.ആർ.അനിൽ അഭ്യർഥിച്ചിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള കിറ്റ് സൗജന്യമായി വിതരണം ചെയ്യാൻ തയാറാണെന്ന് വ്യാപാരി പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, മുൻ കിറ്റുകൾ വിതരണം ചെയ്തതിന്റെ കമ്മിഷൻ കുടിശിക നൽകണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. കമ്മിഷൻ നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രിയും അറിയിച്ചിട്ടുണ്ട്.
Discussion about this post