എറണാകുളം: എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേഗസ്ഥരെ സസ്പെൻഡ് ചെയ്തു. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് റൂറല്‍ എസ്പി വിവേക് കുമാർ അന്വേഷണവിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. സ്വാതന്ത്ര്യ ദിന അവധി ദിവസമായതിനാല്‍ അരീക്കല്‍ വെള്ളച്ചാട്ടത്തിലും സമീപ പ്രദേശങ്ങളിലും നല്ല തിരക്കായിരുന്നു. പരാതിക്കാരായ യുവതികള്‍ വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്താണ് നിന്നിരുന്നത്. ഇതിനിടെ യുവതികള്‍ ഉള്‍പ്പെടുന്ന സംഘത്തോട് പൊലീസുകാര്‍ കയര്‍ത്തു. പിന്നാലെ യുവതികളോട് അപമര്യാദയായി പെരുമാറിയെന്നാണ് വിവരം. യുവതിയോട് അപമര്യാദയായി പെരുമാറിയതിനാണ് പരീതിനെതിരെ നടപടിയെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് ബൈജുവിനെ സസ്പെൻഡ് ചെയ്തത്. മഫ്തിയിലെത്തിയ ഇരുവരും യുവതികളോട് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതികള്‍ പറയുന്നു.

