ഇന്ന് ചിങ്ങം ഒന്ന്. ഓണാഘോഷത്തിന്റെ വരവറിയിച്ച് മലയാളികളുടെ പുതുവർഷം. കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ഈ ദിനം ആഘോഷിക്കപ്പെടുന്നു. ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്, കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ ഒരു കാലത്തെയാണ്. പഞ്ഞ കര്‍ക്കടകവും പെരുമഴയും കഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.
വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. ഓണാഘോഷത്തിന്റെ പൂവിളിയുമായി ചിങ്ങം നാലിന് അത്തമെത്തും. തുടർന്നുള്ള പത്തുദിവസം മലയാളിക്ക് ഉത്സവത്തിന്റെ നാളുകളാണ്. ആഗസ്ത് 29നാണ് (ചിങ്ങം പതിമൂന്ന് ) ഇത്തവണ തിരുവോണമെത്തുന്നത്.

