കോട്ടയം : മാസപ്പടി വിവാദത്തിൽ മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗൗരവമുള്ള എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ മാത്രമേ മറുപടി പറയേണ്ട കാര്യം ഉള്ളുവെന്നും, അത് കൊണ്ട് മറുപടി പറയുന്ന പ്രശ്നം ഇല്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.
പണ്ട് പായയിൽ പണം പൊതിഞ്ഞുകൊണ്ടുപോയെന്ന് പറഞ്ഞത് പോലെയും, ചെമ്പിൽ സ്വർണ്ണം കടത്തിയെന്നും പറഞ്ഞത് പോലെയുമുള്ള ആരോപണം മാത്രമാണിതെന്നും, മുഖ്യമന്ത്രിയോ, മന്ത്രിമാരോ മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ, മാസപ്പടി വിവാദവുമായി യുഡിഎഫ് പ്രചാരണത്തിന് വന്നാൽ അപ്പോൾ മറുപടി പറയാം എന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സിഎംആർഎല്ലിന് ,എക്സ ലോജിക്കിന്റെ സേവനം കിട്ടിയിട്ടുണ്ടെന്നും, മക്കളുടെ പേരിലുള്ളതൊന്നും പാർട്ടി അക്കൗണ്ടിലേക്ക് കൊണ്ട് വരേണ്ടതില്ലെന്നും, പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സിപിഎം സെക്രട്ടറി ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി

