കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്. 2013 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞത്.. കേസിലെ 18ാം പ്രതിയാണ് അന്ന് സിപിഐഎം ലോക്കല്‍ കമ്മിറ്റി മെമ്പറായിരുന്ന സിഒടി നസീര്‍.
അതേ സമയം പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫീസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചത്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്.

