ബെംഗളൂരു: ചന്ദ്രയാന്‍ 3ന്റെ നിര്‍ണായക ഘട്ടം വിജയകരമായി പൂര്‍ത്തിയായി. 34 ദിവസം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടു. അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് നാളെ വൈകിട്ട് നാലിന് നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വെച്ചാണ് ലാൻഡർ വേർപെട്ടത്. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് പ്രതീക്ഷിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാൻഡർ മൊഡ്യൂളിനെ ഐ എസ് ആർ ഒ വേർപെടുത്തിയത്. ‘സവാരിക്ക് നന്ദി പങ്കാളി!’ എന്ന് ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിനോട് യാത്ര പറയുന്ന ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് വേർപെടുത്തൽ പ്രക്രിയ വിജയകരമായ കാര്യം ഐ എസ് ആർ ഒ പങ്കുവച്ചത്. ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.
Discussion about this post