പാലക്കാട്: പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വാക്സീൻ മാറി കുത്തിവച്ച സംഭവത്തിൽ നഴ്സിനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ചുദിവസം പ്രായമായ ആൺകുഞ്ഞിനാണ് വാക്സീൻ മാറി കുത്തിവച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നഴ്സിന് കൈപ്പിഴ സംഭവിച്ചതായി ഇവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആഗസ്റ്റ് 12ാം തീയതിയായിരുന്നു കുഞ്ഞിന്റെ ജനനം. അന്ന് ആശുപത്രിയിൽ നിന്നു തന്നെ പോളിയോ ഉൾപ്പടെയുള്ള ചില മരുന്നുകൾ നൽകിയിരുന്നു. അഞ്ചാം ദിവസം ബിസിജി വാക്സിൻ അടുത്തുള്ള പ്രാഥിമാകാരോഗ്യ കേന്ദ്രത്തിൽ നിന്നെടുക്കണം എന്ന നിർദേശം നൽകിയിരുന്നു. ഈ നിർദേശമനുസരിച്ചാണ് കുടുംബം പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ഡോക്ടർ ബിസിജിക്കായി നഴ്സിനടുത്തേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. എന്നാൽ നഴ്സ് അമിത ഡോസ് വാക്സിനാണ് കുഞ്ഞിന് കുത്തി വച്ചത്. ബിസിജി മാത്രമെടുത്താൽ മതിയെന്ന് ദമ്പതികൾ അറിയിച്ചെങ്കിലും നഴ്സ് മൂന്ന് തവണ കുത്തിവയ്ക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്.
Discussion about this post