- നമ്മുടെ നാട്ടിൽ സർവ്വസാധാരണമായി കാണുന്ന ഫലമാണ് പപ്പായ. കപ്പയ്ക്ക, കറുമൂസ്, ഓമയ്ക്ക എന്നിങ്ങനെ വ്യത്യസ്ത പേരുകളിലും പപ്പായ അറിയപ്പെടാറുണ്ട്. എന്നാൽ മിക്കവരും പപ്പായയ്ക്ക് അത്ര പ്രാധാന്യം നൽകാറില്ല. അതിനാൽ തന്നെ മിക്ക വീടുകളിലും പപ്പായ പഴുത്ത് കാക്ക കൊണ്ടുപോകാറാണ് പതിവ്. എന്നാൽ അങ്ങനെ കാക്കയ്ക്ക് കൊടുക്കേണ്ട ഒന്നല്ല പപ്പായ. നിരവധി ആരോഗ്യ ഗുണങ്ങളാൽ സസമ്പുഷ്ടമാണത്. കലോറി കുറവാണെങ്കിലും വിറ്റാമിനുകളും നാരുകളും കൂടുതലുള്ള ഒന്നാണ് പപ്പായ. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് പ്രമേഹ രോഗികൾക്ക് പല തരത്തിൽ ഗുണം ചെയ്യും. പപ്പായയുടെ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) കുറവാണ്. അതായത് ഇത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കാര്യമായി വർദ്ധിപ്പിക്കില്ല. പപ്പായയ്ക്ക് ജിഐ 60 ഉണ്ട്. ഇത് പ്രമേഹരോഗികൾക്ക് സുരക്ഷിതമായ പരിധിക്കുള്ളിലാണ്.
കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, കൊഴുപ്പുകൾ എന്നിവ എളുപ്പത്തിൽ ദഹിക്കുന്ന രൂപങ്ങളാക്കി വിഘടിപ്പിക്കാൻ സഹായിക്കുന്ന പപ്പൈൻ, കൈമോപൈൻ എന്നീ എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു. പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തചംക്രമണത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് മലബന്ധം തടയുന്നു. പ്രമേഹരോഗികളെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. പ്രമേഹരോഗികൾക്ക് പപ്പായ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം അതിന്റെ സ്വാഭാവിക രൂപത്തിൽ ലഘുഭക്ഷണമായോ സാലഡായോ കഴിക്കുന്നതാണ്. പപ്പായ ജ്യൂസോ സ്മൂത്തികളോ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയിൽ വീണ്ടും പഞ്ചസാര ചേർക്കും അപ്പോൾ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. വിറ്റാമിൻ സി, എ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ.കൂടാതെ, പ്രമേഹവുമായി ബന്ധപ്പെട്ട ഹൃദ്രോഗം, കാഴ്ചക്കുറവ്, വൃക്ക തകരാറുകൾ തുടങ്ങിയ സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. അതേസമയം നിങ്ങളുടെ ഭക്ഷണത്തിൽ പപ്പായ ഉൾപ്പെടുത്തുണ്ടെങ്കിൽ അത് മിതമായ അളവിൽ കഴിക്കാൻ ഓർക്കുക. കാരണം ഏതെങ്കിലും പഴത്തിന്റെ അമിത ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

