ഡല്‍ഹി: ചന്ദ്രോപരിതലത്തിലെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. സേഫ് ലാൻഡിംഗിന് അനുയോജ്യമായ മേഖലയുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ഐഎസ്ആര്‍ഒയുടെ പ്രധാന ഗവേഷണ വികസന കേന്ദ്രമായ അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ (എസ്എസി) ആണ് ലാന്‍ഡിങ് ഘട്ടത്തില്‍ പാറകളോ ആഴത്തിലുള്ള കിടങ്ങുകളോ ഇല്ലാതെ സുരക്ഷിതമായ ലാന്‍ഡിംഗ് ഏരിയ കണ്ടെത്താന്‍ സഹായിക്കുന്ന ഈ ക്യാമറ വികസിപ്പിച്ചെടുത്തത്.
വന്‍ ഗര്‍ത്തങ്ങളും പാറക്കഷ്ണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാന്‍ സാധിക്കുന്ന പ്രദേശം കണ്ടെത്താനാണ് ക്യാമറ സഹായിക്കുക. ലാന്‍ഡറിന്റെ അവസാന ഭ്രമണപഥം താഴ്ത്തല്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. ഓഗസ്റ്റ് 23 ന് വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആര്‍ഒ ഞായറാഴ്ച അറിയിച്ചു. നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍.

