തിരുവനന്തപുരം: ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ വൻസംഘമെന്ന് പൊലിസ്. കേസിൽ രണ്ടുപേർ കൂടി പിടിയിലായതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കോപ്പിയടി നടന്ന ഐ.എസ്.ആർ.ഒ പരീക്ഷ റദ്ദാക്കണമെന്നു പൊലീസ് ആവശ്യപ്പെടും.
ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തിട്ടുണ്ട്. തട്ടിപ്പിനു പിടിയിലായവർ ഹരിയാന സ്വദേശികളാണ്. ഒരേ സ്ഥലത്ത് നിന്നു ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമാകാമെന്ന സംശയത്തിന്റെ അടിസ്ഥാലത്തിലാണ് പരീക്ഷ റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ തുകയാണ് ആൾമാറാട്ടത്തിന് പ്രതിഫലമായി നൽകിയിട്ടുള്ളത്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയം നിലനിൽക്കുന്നുയണ്ട്. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. ഹരിയാന പൊലീസുമായി സഹകരിച്ചാണ് ഇപ്പോൾ കേസ് മുന്നോട്ട് പോകുന്നത്.
പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനു രണ്ടുപേർ നേരത്തെ പിടിയിലായിരുന്നു. ഹരിയാന സ്വദേശികളായ സുനിൽ, സുമിത് കുമാർ എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണ്‍ ഇൻസുലേഷൻ ടാപ്പുകൊണ്ട് വയറിൽ ഒട്ടിച്ചുവെച്ചാണ് സുനിൽ പരീക്ഷാ ഹാളിലെത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കോപ്പിയടിച്ചതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്തത്.

