ന്യൂഡൽഹി: രാജ്യത്തെ ആദ്യ എട്ടുവരി എലിവേറ്റഡ് അതിവേഗ ദ്വാരക എക്സ്പ്രസ് വേയുടെ പുതിയ വീഡിയോ പങ്കുവെച്ച് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എക്‌സ്പ്രസ് വേയെ എന്‍ജിനീയറിങ് വിസ്മയം എന്ന് വിശേഷിപ്പിച്ച ഗഡ്കരി ഭാവിയിലേക്കുള്ള അത്യാധുനിക യാത്രയാകും പുതിയ പാതയെന്നും എക്‌സിൽ കുറിച്ചു.
ദേശീയ പാത എട്ടിലെ ശിവ് മൂര്‍ത്തിയില്‍ നിന്ന് ആരംഭിക്കുന്ന പാത ഗുരുഗ്രാമിലെ ഖേര്‍കി ഡൗലയിലാണ് അവസാനിക്കുന്നത്. 1,200 മരങ്ങൾ പറിച്ചുനട്ടുകൊണ്ട് നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയാണിത്. നിലവിൽ എക്‌സ്പ്രസ് വേയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെത്താനുള്ള ദൂരം കുറയും. ദ്വാരകയിൽ നിന്ന് മാനേസറിലേക്കുള്ള യാത്രാ സമയം 15 മിനിറ്റും മനേസറിൽ നിന്ന് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കുള്ള സമയം 20 മിനിറ്റുമായി ചുരുങ്ങും.
ആകെ 16 പാതകളാണ് ദ്വാരക എക്‌സ്പ്രസ് വേയിലുള്ളത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഇരുവശങ്ങളിലുമായി മൂന്നു വരികളുള്ള സര്‍വീസ് റോഡുകളുമുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്ണോളം സ്റ്റീലും 20 ലക്ഷം ക്യുബിക് മീറ്റര്‍ സിമന്റുമാണ് പാതയുടെ നിര്‍മാണത്തിന് ആവശ്യമായിവന്നത്. 563 കിലോമീറ്റർ നീളവും 34 മീറ്റര്‍ വീതിയുമുള്ള എക്‌സ്പ്രസ് വേയുടെ നിര്‍മാണ ചെലവ് 9,000 കോടി രൂപയാണ്.

